മാധവ് നിരഞ്ജന്‍: സിനിമാരംഗത്ത് കോഴിക്കോടന്‍ വാഗ്ദാനം

മാധവ് നിരഞ്ജന്‍: സിനിമാരംഗത്ത് കോഴിക്കോടന്‍ വാഗ്ദാനം

പി.ടി നിസാര്‍

‘ഇന്‍സള്‍ട്ടാണ് മുരളി ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയില്‍ സിദ്ദിഖിന്റെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് പറയുന്ന ഹിറ്റ് ഡയലോഗാണിത്. ആ ഡയലോഗിനെ അന്വര്‍ഥമാക്കിയ ഒരു കലാകാരനാണ് മാധവ് നിരഞ്ജന്‍. പലരുടേയും കുത്തുവാക്കുകളേയും പരിഹാസങ്ങളേയും പഴിചൊല്ലലുകളേയും തന്റെ മനക്കരുത്തുക്കൊണ്ടും കഠിനാധ്വാനംക്കൊണ്ടും ജീവിതത്തില്‍ ഇന്‍വെസ്റ്റ്‌മെന്റാക്കി മാറ്റി മാധവ്. അതിനൊരു കാരണവുമുണ്ടായിരുന്നു. ‘സിനിമ’. അതേ, സിനിമയോടുള്ള അടങ്ങാത്ത ഭ്രമമാണ് ഈ ചെറുപ്പക്കാരനെ മുന്നോട്ടേക്ക് നയിക്കുന്നത്. നടനാകണമെന്നുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനായി എന്തു സാഹസത്തിനും ഇദ്ദേഹം തയ്യാറാണ്. കലകളുടേയും കലാകാരന്‍മാരുടേയും ഈറ്റില്ലമായ കോഴിക്കോട് നിന്നും ചലച്ചിത്ര ലോകത്തേക്ക് മറ്റൊരു പ്രതിഭാധനനായ കലാകാരന്‍ കൂടി രംഗപ്രവേശം ചെയ്യാനിരിക്കുകയാണ്.

കോഴിക്കോട് തിരുത്തിയാട് സ്വദേശിയായ മാധവ് നിരഞ്ജന് ചെറുപ്പം മുതലേ സിനിമയോട് അതിയായ താല്‍പര്യമുണ്ടായിരുന്നു. തന്റെ വഴി സിനിമയാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി വരികയായിരുന്നു ഇദ്ദേഹം. ചെറുപ്പം മുതലേ ഭക്ഷണപ്രിയനായിരുന്നു മാധവ്. ആ ശീലത്തിന് വലുതായപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ഒരുകാലത്ത് കോഴിക്കോട്ടെ റഹ്‌മത്ത് ഹോട്ടലില്‍ ഒറ്റയിരുപ്പിന് ഏഴ് ബിരിയാണി അകത്താക്കിയിട്ടുണ്ട് ഇദ്ദേഹം. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം വലിയൊരു ഇന്‍സള്‍ട്ട് നേരിടുന്നത്. ക്ഷമിക്കണം ഇന്‍സള്‍ട്ടല്ല ‘ ഇന്‍വെസ്റ്റ്‌മെന്റ് ‘. സിനിമയില്‍ മുഖം കാണിക്കണമെന്നാഗ്രഹവുമായി നിരവധി ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഇരച്ചെത്താറുണ്ടായിരുന്നു മാധവ്. അവസരം ചോദിക്കുമ്പോള്‍ അവിടെയുള്ളവര്‍ മാധവിനെ അടിമുടിയൊന്നു നോക്കും, എന്നിട്ട് ഒരു പരിഹാസച്ചിരി പാസാക്കി പറ്റില്ലായെന്ന് പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കും. അന്ന് ശരീരഭാരം 122 കിലോയോളം ഉണ്ടായിരുന്ന മാധവിന് അവരുടെ പുച്ഛ ചിരിയുടെ പൊരുള്‍ പെട്ടെന്നു തന്നെ മനസ്സിലായിരുന്നു. അവിടെയാണ് അദ്ദേഹം ഒരു സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. ശരീരം ഫിറ്റാക്കണം. സിനിമക്ക് വേണ്ടി. അന്ന് മുതല്‍ പുതിയ ഒരധ്യായം അദ്ദേഹത്തിന്റെ ജീവിതത്തില്‍ തുടങ്ങുകയായിരുന്നു. ജിമ്മില്‍ പോയി വ്യായാമം ചെയ്യുക പതിവായി. അനാവശ്യമായ ഭക്ഷണമെല്ലാം വെട്ടിച്ചുരുക്കി. മോഡലിംഗിനും അഭിനയത്തിനുമായി ജീവിതം ക്രമപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയും സുഹൃത്തുക്കളും പറഞ്ഞിരുന്നു ‘മാധവിനിത് നടക്കില്ലെന്ന്’.

എന്നാല്‍ അവരുടെയെല്ലാം പ്രതീക്ഷകള്‍ക്കപ്പുറമാണ് മാധവ് പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത്. രാവിലെ ഒന്നര മണിക്കൂര്‍ ജിമ്മില്‍, രാത്രി ഒന്നര മണിക്കൂര്‍ ഓട്ടം. 122 കിലോയില്‍ നിന്ന് നേരെ 84 കിലോയിലേക്ക്. കഴിയില്ലാ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ കഴിയുമെന്ന് തെളിയിച്ചു മാധവ്. പുതിയ ജീവിതക്രമത്തിലൂടെ രൂപപ്പെട്ട ഭക്ഷണക്രമം പിന്തുടരുന്നതിനാല്‍ സുഹൃത്തുക്കള്‍ക്ക് പോലും പരിഭവമാണ്. അവരുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന സ്വകാര്യ ദുഃഖവും മാധവിനുണ്ട്. ഡയറ്റ് കണ്‍ട്രോള്‍ ചെയ്യുന്നതിനാവശ്യമായ ഭക്ഷണം അമ്മ തന്നെയാണ് തയ്യാറാക്കി നല്‍കുന്നത്. ശരീരം ഫിറ്റായതോടു കൂടി മാധവിന്റെ ആത്മവിശ്വാസം കൂടി. സിനിമയ്ക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറാകുന്ന മാധവിന് വീട്ടുകാരുടെ എതിര്‍പ്പുകളെ കൂടി മറികടക്കാനുണ്ടായിരുന്നു. സിനിമ കളിച്ച് ജീവിതം കളയാതെ ഒരു സ്ഥിരവരുമാനമുള്ള ജോലി വേണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. തുടക്കത്തില്‍ വീട്ടുകാരുടെ താല്‍പര്യം മാനിച്ച് ബാംഗ്ലൂരില്‍ 10 വര്‍ഷത്തോളം വിവിധയിടങ്ങളില്‍ ഈ ചെറുപ്പകാരന്‍ ജോലി നോക്കി. എന്നാല്‍ സിനിമാ മോഹം അദ്ദേഹത്തെ അവിടെയൊന്നും സ്ഥിര താമസക്കാരനാക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ആറുമാസമായി ബംഗ്ലൂരിലെ ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്തു വരികയാണ് ഇദ്ദേഹം. ഇതും താല്‍ക്കാലികമാണെന്ന് പറയുന്നു മാധവ്.

വീട്ടുകാരെ ഒരുവിധം പറഞ്ഞു മനസ്സിലാക്കിയ മാധവിന് ഇനി വേണ്ടിയിരുന്നത് നല്ലൊരു വേദിയായിരുന്നു നല്ലൊരു അവസരമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ കഴിവുകളെ പുറംലോകത്തെ അറിയിക്കാന്‍ അദ്ദേഹത്തിനൊരു വഴി തുറന്നുകിട്ടിയത്. അതായിരുന്നു ആറ്റിറ്റിയൂഡ് ഹണ്ട് ഫാഷന്‍ ഷോ. കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ നെടുമ്പാശ്ശേരിക്കടുത്ത് ഇക്കോലാന്റ്‌സില്‍ ഐസ് ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എഫ്.എ ഇവന്റ്‌സ് സംഘടിപ്പിച്ച ആറ്റിറ്റിയൂഡ് ഹണ്ട് ഫാഷന്‍ ഷോയില്‍ മാധവും മത്സരാര്‍ഥിയായി പങ്കെടുത്തു. നടന്‍ ഇടവേള ബാബു ഷോ ഡയരക്ടറായ ഷോ പ്രൊഡ്യൂസ് ചെയ്തത് രഞ്ജിത്ത് എം.പിയും കോറിയോഗ്രാഫി ചെയ്തത് ഡാലുകൃഷ്ണദാസുമായിരുന്നു. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 47 പേരില്‍ മാധവുമുണ്ടായി. ഈ 47 പേരില്‍ 19 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ വനിതകളുമായിരുന്നു. 19 പുരുഷന്മാരില്‍ നിന്നും അറ് പേര്‍ ആദ്യ റൗണ്ടില്‍ പുറത്താകുകയും തുടര്‍ന്ന് ബാക്കി വന്നവര്‍ മത്സരിക്കുകയും അവസാന ആറ് പേരില്‍ മാധവ് എത്തുകയും ചെയ്തു. ഫൈനല്‍ മത്സരത്തിന് മുമ്പ് മീഡിയയുമായി നടന്ന ഇന്ററാക്ഷനില്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പോലും പ്രയാസപ്പെട്ട മാധവിന് തുണയായത് ട്രയിനിങ്ങായിരുന്നു. മോഡലും പേജിയന്റ് ഗ്രൂമറുമായ ദേവിപ്രിയ, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനര്‍ പ്രിയ ശിവദാസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സെനി.പി അറുക്കാട്ട് എന്നിവരുടെ സാന്നിധ്യവും നിര്‍ദേശവുമെല്ലാം മാധവ് ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കി.

മിസ്, മിസ്റ്റര്‍ യൂണിവേഴ്‌സ് മത്സരം നടക്കുന്ന അതേ രീതിയില്‍ ആറ് പേരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിക്ക് മുമ്പാകെ തന്റെയെല്ലാ സഭാകമ്പവും മാറ്റിവച്ച് മാധവ് മികച്ച രീതിയില്‍ തന്നെ മത്സരിക്കുകയും ആറ്റിറ്റിയൂഡ് ഹണ്ട് മാന്‍ ഓഫ് കേരള 2022 ടൈറ്റില്‍ വിന്നറാവുകയും ചെയ്തു. ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങുന്ന വേദിയില്‍ ചലച്ചിത്ര താരങ്ങളായ സാബുമോന്‍, രചന നാരായണന്‍കുട്ടി, നിരഞ്ജന അനൂപ്, പ്രിയങ്ക, മാളവിക നായര്‍, റോണ്‍സണ്‍, ജസീല പ്രവീണ്‍, ലാവണ്യ, മീര അനില്‍ , ബ്ലെസി കുര്യന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വി.കെ. എസ് കൂടാതെ വിധികര്‍ത്താക്കളായ സന്ധ്യ മനോജ്, അപര്‍ണ കുറുപ്പ്, അനീഷ്, സ്വാതി കുഞ്ചന്‍, റൂമ, ലക്ഷ്മി മേനോന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ജീവിത്തതിലെ വലിയൊരു വഴിത്തിരിവായി ആറ്റിറ്റിയൂഡ് ഹണ്ട് മാന്‍ ഓഫ് കേരള 2022നെ മാധവ് കാണുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയൊരു മുതല്‍ക്കൂട്ടായി അദ്ദേഹം ഈ നേട്ടത്തെ കണക്കാക്കുന്നു. തുടക്കത്തിലെ വെല്ലുലിളികളെ ചിട്ടയായി നേരിട്ട മാധവ് തിരിഞ്ഞ് നോക്കുമ്പോള്‍ 100 ശതമാനം ഫിറ്റായി കഴിഞ്ഞുവെന്നതിന് നിദാനമാണ് മാന്‍ ഓഫ് കേരള 2022ലെ വിജയം. ഇന്ന് കാണുന്ന മോഡല്‍ താരത്തിലേക്കെത്തിയത് കഠിനമായ പരിശ്രമത്തിലൂടെയാണ്. ഈ കഠിന പ്രയത്‌നത്തിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സിനിമ. അത് പൂവണിയാന്‍ തുടങ്ങിയിരിക്കുന്നു. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ഇദ്ദേഹം അഭിനയിച്ച് കഴിഞ്ഞു. മൂന്ന് പരസ്യങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ഡിസൈനര്‍ ഷോയും ചെയ്തിട്ടുണ്ട്. എവിടെ സിനിമയുടെ ഓഡിഷനുണ്ടെങ്കിലും മാധവ് എത്തും. ആക്ടിങ് വര്‍ക്കഷോപ്പുകളിലും പങ്കെടുക്കാറുണ്ട്. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ മോഹമുണ്ടെങ്കിലും നിലവിലെ ജോലി അതിന് പ്രതിബന്ധമാവുകയാണ്. അവിടത്തെ രണ്ട് വര്‍ഷ കോഴ്‌സ് പ്രോയോഗികമല്ലാത്തതിനാല്‍ കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹ്രസ്വകാല അഭിനയ കോഴ്‌സിന് ചേരാനുള്ള തയ്യാറെടുപ്പിലാണ് ഈ സിനിമാപ്രേമി.

ഒരു ലക്ഷ്യം മനസില്‍ കാണാന്‍ ആര്‍ക്കും കഴിയും. ലക്ഷ്യത്തിലേക്കുള്ള വഴികള്‍ ആര്‍ക്ക് മുമ്പിലും സുഗമമാകില്ല. പ്രതിസന്ധികള്‍ നിറഞ്ഞ കനല്‍വഴികള്‍ താണ്ടുന്നവര്‍ക്കേ വിജയ കിരീടം അണിയാനാവൂ. മാധവ് നിരഞ്ജന്‍ ആ ഗണത്തില്‍പ്പെടുന്ന വ്യക്തിത്വമാണ്. ജോജു ജോര്‍ജിന്റെ വലിയ ആരാധകനായ മാധവ് അദ്ദേഹത്തെ പോലെ തന്നെ ഏതറ്റം വരേയും സിനിമക്ക് വേണ്ടി കഷ്ടപ്പെടാന്‍ ഒരുക്കമാണ്. സിനിമയിലേക്കും മോഡലിംഗിലേക്കും സ്വയം പരുവപ്പെടുത്തിയെടുക്കുന്നതിനിടക്ക് വലിയ ശാരീരിക പ്രയാസങ്ങളടക്കം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ചിട്ടയായ വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെയെല്ലാമാണ് ഇന്ന് കാണുന്ന മാധവ് നിരഞ്ജന്‍ സൃഷ്ടിക്കപ്പെട്ടത്. ഇത് ലക്ഷ്യത്തോടൊപ്പം സിനമയെന്ന കലക്ക് വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു. മലയാള ചലച്ചിത്ര ലോകത്ത് നന്മയുടെ നാടായ കോഴിക്കോടിന്റെ ഈ പുത്രന്‍ വെന്നിക്കൊടി പാറിക്കുമെന്നതില്‍ സംശയമില്ല. കലയെ മാറോടണക്കുന്ന നമ്മളാണ് ഇദ്ദേഹത്തിന് പിന്തുണ നല്‍കേണ്ടത്. ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *