നീലഗിരി: പാഠ്യപദ്ധതിയിലൂടെ അധാര്‍മിക അരാജക ആശയങ്ങളെ ഒളിച്ചുകടത്താനുള്ള ശ്രമം കേരളത്തിന്റെ സാംസ്‌കാരിക ശരീരം അനുവദിച്ച് തരില്ലെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നീലഗിരി പാടന്തറ മര്‍കസില്‍ സംഘടിപ്പിച്ച കാംപസ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ഗണ്യമായി അന്യദേശങ്ങളിലേക്ക് പോകുന്നുവെന്ന ചര്‍ച്ച സജീവമാകുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ശോചനീയാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. അത്തരം വിഷയങ്ങള്‍ ഗൗരവമുള്ള ആലോചനകള്‍ക്ക് വിധേയമാക്കുകയും പരിഹാരം കാണുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം അനാവശ്യ അജണ്ടകളിലൂടെ സഞ്ചരിച്ച് വിവാദമുണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന കാംപസ് കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, പ്രൊഫഷണല്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികള്‍ പങ്കെടുത്തു. മതം, സമൂഹം, സംസ്‌കാരം, വിദ്യാഭ്യാസം, കരിയര്‍, ആക്ടിവിസം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സമാപനസംഗമം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ദേവര്‍ ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബര്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, മുഹമ്മദ് നിയാസ് കോഴിക്കോട്, ഡോ.അബൂബക്കര്‍, ശബീറലി മഞ്ചേരി സംസാരിച്ചു.