നാദാപുരം: വാര്‍ഡുകള്‍ തമ്മിലുള്ള വീറും വാശിയും പ്രകടിപ്പിച്ച് തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗെയിംസ്, അത്ലറ്റിക്‌സ് എന്നീ മത്സരങ്ങള്‍ക്ക് ശേഷം കലാ മത്സരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് രണ്ട് വേദികളിലായി നടന്നു. ഓവറോള്‍ ചാംപ്യന്‍ഷിപ്പ് അഞ്ചാം വാര്‍ഡ് 96 പോയിന്റുമായി കരസ്ഥമാക്കി. 65 പോയിന്റുമായി പത്താം വാര്‍ഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നേരത്തെ നടന്ന അത്ലറ്റിക്‌സ് മത്സരങ്ങളുടെ ചാംപ്യന്‍ഷിപ്പ് വാര്‍ഡ് രണ്ടും ഗെയിംസില്‍ വാര്‍ഡ് 22ഉം ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. കേരളോത്സവ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ച പൊതുപ്രവര്‍ത്തകന്‍ ആര്‍.നാരായണന്‍ മാസ്റ്ററെ ചടങ്ങില്‍വച്ച് ആദരിച്ചു.
സമാപനത്തോടനുബന്ധിച്ച് അര്‍ഷിന നാദാപുരം സ്‌നേഹഗീതം ആലപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെംബര്‍ പി.പി ബാലകൃഷ്ണന്‍, വലിയാണ്ടി ഹമീദ്, കെ.എം രഘുനാഥ്, നാരായണന്‍ മാസ്റ്റര്‍, സി.കെ റീന, കരിമ്പില്‍ ദിവാകരന്‍, ടി. രവീന്ദ്രന്‍ മാസ്റ്റര്‍, കെ.ടി.കെ ചന്ദ്രന്‍, ടി. രാജന്‍ മാസ്റ്റര്‍, എ.കെ ഹരിദാസന്‍ മാസ്റ്റര്‍, എം.കെ അഷ്‌റഫ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ട്രോഫി പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് അഞ്ചാം വാര്‍ഡ് മെംബര്‍ എ. ദിലീപും വാര്‍ഡ് വികസന സമിതിയും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ പത്താം വാര്‍ഡിന്റെ ട്രോഫി മെംബര്‍ നിഷ മനോജ് പ്രസിഡന്റില്‍ നിന്ന് ഏറ്റുവാങ്ങി. മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ഗ്രാമപഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അടുത്തവര്‍ഷം മുതല്‍ വാര്‍ഡ് തലത്തില്‍ ഗ്രാമോത്സവമായി കേരളോത്സവം നടത്തുമെന്ന് വേദിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു.