ഒപ്പത്തിനൊപ്പം

ഒപ്പത്തിനൊപ്പം

ജര്‍മനി- സ്‌പെയിന്‍ ആവേശ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി

ദോഹ: മൈതാനത്ത് തീപാറിയ പോരാട്ടത്തിനൊടുവില്‍ തുല്യ ശക്തികളായ ജര്‍മനിക്കും സ്‌പെയിനിനും സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍ എത്തിയതെങ്കില്‍ ജപ്പാനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാത്തതില്‍ നിന്ന് വിട്ട് മാറാതെയാണ് ജര്‍മനി കളിക്കാനിറങ്ങിയത്. എന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഒരു ക്ലാസിക് പോരാട്ടത്തിന് തന്നെയായിരുന്നു ലോകം സാക്ഷിയായത്. ഇതുവരെ കണ്ടതില്‍ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ഗ്രൂപ്പ് ഇയില്‍ നടന്നത്. സ്‌പെയിനിന് വേണ്ടി അല്‍വാരോ മൊറാട്ടയും ജര്‍മനിക്കായി ഫുള്‍ക്രുഗും ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ഗോളുകളൊന്നും വീണില്ലായെങ്കിലും ആക്രമണത്തിനും പ്രത്യാക്രമണത്തിനും കുറവുണ്ടായില്ല. ഇരു ടീമുകളും നിരന്തരം ഗോളിനു വേണ്ടി ആഞ്ഞ് ശ്രമിച്ചു. രണ്ടാം പകുതിയില്‍ ജയിക്കാനുറച്ചു തന്നെ ഇരു ടീമുകളും ഇറങ്ങിയപ്പോള്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ മൈതാനത്ത് തീപടര്‍ന്നു.

ഇരു ബോക്‌സിലേക്കും മുന്നേറ്റങ്ങള്‍ എത്തി. 62-ാം മിനിട്ടില്‍ ഇടതു വിംഗില്‍ നിന്നുള്ള ആല്‍ബയുടെ അളന്നു മുറിച്ച ലോ ക്രോസ് കെഹററിന്റെ ദുര്‍ബലമായ പ്രതിരോധ ശ്രമത്തെ തോല്‍പ്പിച്ച് പകരക്കാരനെത്തിയ മൊറോട്ട വലയിലാക്കി. സ്‌പെയിന്‍ ലീഡെടുത്തതിനുശേഷം മറ്റൊരു ജര്‍മനിയെയായിരുന്നു മത്സരത്തില്‍ കണ്ടത്. പരാജയപ്പെട്ടാല്‍ പുറത്തേക്കെന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് വിജയമോ സമനിലയോ അവര്‍ക്ക് നേടിയെടുക്കണമായിരുന്നു. അതിനാല്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ലിറോയ് സാനെയും ഫുള്‍ക്രുഗിനെ ഉള്‍പ്പെടെ ഇറക്കി ഹാന്‍സി ഫ്‌ലിക്ക് കാടിളക്കിയുള്ള ജര്‍മന്‍ ആക്രമണത്തിനുള്ള അരങ്ങൊരുക്കി. ഒടുവില്‍ 83ാം മിനിട്ടില്‍ ഫലം കണ്ടു. നിക്ലാസ് ഫുള്‍ക്രുഗിന്റെ പവര്‍ ഷോട്ടില്‍ ജര്‍മനി സമനില പിടിച്ചു. ഇഞ്ചുറി സമയത്ത് വിജയ ഗോളിനായി ജര്‍മനി ആവും വിധം ശ്രമിച്ച് നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ഒരു തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്റോടു കൂടി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ജര്‍മനി. ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്ക എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ തോല്‍പ്പിച്ചു. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കക്ക് വേണ്ടി വല ചലിപ്പിച്ചത്.

അട്ടിമറി തുടര്‍ക്കഥയായ ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് എഫില്‍ വമ്പന്‍ ഒരു അട്ടിമറിക്ക് കൂടി ലോകം സാക്ഷിയായി. ശക്തരായ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അബ്ദേല്‍ഹമിദ് സബിറിയും സക്കറിയ അബൗഖലുമാണ് മൊറോക്കോക്കായി ഗോള്‍ നേടിയത്.
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് കാനഡയെ പരാജയപ്പെടുത്തി. ക്രമാരിച്ച് ക്രൊയേഷ്യക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ലിവാജെയും മയോറും ഒരോ ഗോള്‍ വീതം നേടി പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ നാല് പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്താനും ക്രൊയേഷ്യക്കായി. അതേസമയം ലോകകപ്പില്‍ പുതു ചരിത്രം രചിച്ചിരിക്കുകയാണ് കാനഡ. ലോകകപ്പ് ചരിത്രത്തില്‍ തന്നെ രാജ്യത്തിന്റെ ആദ്യ ഗോള്‍ ഈ മത്സരത്തില്‍ പിറന്നു. അവരുടെ സൂപ്പര്‍താരമായ അല്‍ഫോണ്‍സോ ഡേവിസാണ് സ്‌കോറര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *