അദാനിയും സര്‍ക്കാരും ഒറ്റക്കെട്ട്; വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ: ഫാ. യൂജിന്‍ പെരേര

അദാനിയും സര്‍ക്കാരും ഒറ്റക്കെട്ട്; വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ: ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത. സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ആസൂത്രിത ശ്രമമാണിതെന്നും സമരസമിതി കണ്‍വീനര്‍ ഫ. യൂജിന്‍ പെരേര ആരോപിച്ചു. ചിലര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തെ പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പോലിസ് പിടിച്ച് കൊണ്ടുപോയത്. മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പോലിസിനോട് പറഞ്ഞിരുന്നു.തുടര്‍ച്ചയായ പ്രകോപനത്തിന് ഒടുവിലാണ് പ്രതിരോധിക്കേണ്ടി വന്നത്. സമരക്കാര്‍ക്ക് നേരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണ്. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണെന്നും യൂജിന്‍ പെരേര ആരോപിച്ചു.

‘പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് അന്വേഷിച്ചവരെയും പോലിസ് പിടികൂടി. പോലിസിനെതിരായ അനിഷ്ട സംഭവങ്ങള്‍ ന്യായീകരിക്കുന്നില്ല. പക്ഷേ പോലിസ് ഷാഡോ പോലിസായി വന്ന് സമരപ്പന്തലുമായി ബന്ധമുളളവരെ കൊണ്ടുപോയി. ഇതെല്ലാമാണ് അവിടെ സംഭവിക്കുന്നത്. പോലിസ് ആക്രമിക്കപ്പെട്ടതിനെ ന്യായീകരിക്കുന്നില്ല.’ പക്ഷേ പ്രകോപനമുണ്ടാക്കിയത് പോലിസാണ് എന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച ലത്തീന്‍ സഭ, ജുഡീഷ്യല്‍ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

ന്യായമായ സമരത്തിന് വരുന്നവരെ ആക്രമിക്കാന്‍ ആരാണ് മുന്‍കയ്യെടുത്തതെന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം പ്രകോപനം ഉണ്ടായപ്പോള്‍ അതിനെതിരായ വികാരമാണ് മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ചത് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *