കോഴിക്കോട്: സഹജീവികളോടുള്ള പ്രതിബദ്ധത അടിസ്ഥാനമാക്കിയാണ് ഒരു സമൂഹം വളരേണ്ടത്. ഇതിന് ഭാരതം ലോകത്തിന് മാതൃകയാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ ആഭിമുഖ്യത്തില്‍ വേങ്ങേരിക്കാട്ടില്‍ കാട്ടില്‍ പറമ്പത്ത് സത്യഭാമയ്ക്കും കുടുംബത്തിനും നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും കയറിക്കിടക്കാന്‍ വീട് എന്ന ലക്ഷ്യത്തിലെത്തിലെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട വേളയില്‍ ഗാന്ധിജി പറഞ്ഞത് പൂര്‍ണ്ണമായും സ്വാതന്ത്ര്യം എന്നത് മിനിമം സൗകര്യം എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണെന്നാണ്. ക്ഷേമരാഷ്ട്രമാണ് ഭരണഘടനയില്‍ ഉള്ളത് പക്ഷേ മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ് ക്ഷേമരാഷ്ട്രം എന്ന് പറയാനും കഴിയുകയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
സമൂഹത്തില്‍ കണ്ടെത്തലിനാണ് പ്രാധാന്യം. കണ്ടെത്തല്‍ പ്രക്രിയ കൊണ്ടാണ് സമൂഹം വളരേണ്ടത്. അര്‍ഹതപ്പെട്ടവരെ കണ്ടെത്തി വീട് വെച്ച് നല്‍കുന്നതാണ് മഹത്വം അത്തരം കാര്യങ്ങളില്‍ റോട്ടറിയുടെ പങ്ക് ഏറെ വലുതാണെന്നും ഗവര്‍ണര്‍ അഭിപ്രായപെട്ടു.
ചടങ്ങില്‍ വീടിന്റെ താക്കോല്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള സത്യഭാമയ്ക്കും കുടുംബത്തിനും കൈമാറി. റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം അധ്യക്ഷത വഹിച്ചു. റോട്ടറി ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍, ടി.കെ രാധാകൃഷ്ണന്‍, അസി. ഗവര്‍ണര്‍ ദീപക് നായര്‍, വേങ്ങേരി നിറവ് സെക്രട്ടറി ഇ.പി മോഹനന്‍, അഡ്വ. വി.പി രാധാകൃഷ്ണന്‍, രാജരത്‌നം വൈദ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.