വിഴിഞ്ഞം സംഘര്‍ഷം: ഒന്നാം പ്രതി ആര്‍ച്ച് ബിഷപ്പ്, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍

വിഴിഞ്ഞം സംഘര്‍ഷം: ഒന്നാം പ്രതി ആര്‍ച്ച് ബിഷപ്പ്, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഒന്നാം പ്രതി. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.
ഗൂഢാലോചന കുറ്റത്തിനാണ് കേസ്.
സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസില്‍ പ്രതിയാണ്.

അതേസമയം സമരത്തോടുള്ള സര്‍ക്കാര്‍ സമീപനവും മാറുകയാണ്. അദാനി പറഞ്ഞ നഷ്ടക്കണക്ക് ലത്തീന്‍ സഭയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് തുറമുഖ നിര്‍മ്മാണ കമ്പനി പറയുന്നത്. മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആവശ്യങ്ങളില്‍ ഒന്നിന് പോലും ന്യായമായ പരിഹാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാല്‍ സമരം ശക്തമാക്കുമെന്നാണ് ഇന്ന് ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *