കോഴിക്കോട്: 1960കളിലെയും 70 കളിലെയും ബോളിവുഡ് ഗാനങ്ങള്‍ക്ക് ഇന്നും ആസ്വാദകര്‍ ഏറെയാണ്. സംഗീത നഗരമെന്ന വിശേഷമുള്ള കോഴിക്കോട്ട് പ്രത്യേകിച്ചും. ഇതിഹാസ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത ആരാധകരാണ് കോഴിക്കോടുള്ളത് എന്നതും ശ്രദ്ധേയം. പഴയകാല ബോളിവുഡ്
ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന യാദേന്‍ സംഗീത വിരുന്ന് 10 വര്‍ഷം പിന്നിട്ടു. ഇതോടനുബന്ധിച്ച് യാദേന്‍ ടീമിന്റെ അമരക്കാരന്‍ ഗായകന്‍ അഷ്‌കറും സംഘവും ടാഗോര്‍ ഹാളില്‍ ശനിയാഴ്ച നാലു മണിക്കൂര്‍ നീണ്ട യാദേന്‍ സംഗീത സന്ധ്യ അവതരിപ്പിച്ചത് സംഗീതാസ്വദകര്‍ക്ക് വേറിട്ടതായി.
മുഹമ്മദ് റഫി, കിഷോര്‍, മുകേഷ്, ലതാ മങ്കേഷ്‌കര്‍, യേശുദാസ് എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ക്ക് മാത്രമായുള്ള സംഗീത വേദിയായ യാദേന്‍ 10 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങ് മെര്‍മ്മര്‍ ഇറ്റാലിയ ചെയര്‍മാന്‍ കെ.വി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മുകേഷിന്റെ ഹിറ്റ് ഗാനമായ ‘ജാനേ കഹാ ‘ പാടിയാണ് അഷ്‌കര്‍ ഗാനാലാപനത്തിന് തുടക്കമിട്ടത്. പിന്നാലെ ഗോപിക മേനോന്‍, കീര്‍ത്തന, ദീജു, സൗരവ് കിഷന്‍ എന്നിവര്‍ വിവിധ ഗാനങ്ങളുമായി എത്തി. റഫിയുടെ ഗാനങ്ങള്‍ അതേ സ്വരമാധുര്യത്തോടെ അവതരിപ്പിച്ച് ശ്രദ്ധേയനായ സൗരവ് കിഷന്റെ ഗാനങ്ങള്‍ കാതോര്‍ക്കാന്‍ ഒരു വലിയ ആസ്വാദകര്‍ എത്തുന്നത് പുതിയ ട്രെന്‍ഡായി മാറി. സൗരവ് കിഷന്‍ മുഹബ്ബത് സിന്ധ രഹത്താ ഹെ എന്ന ഗാനം പാടിയത് ആരാധകര്‍ക്ക് ആവേശമായി. സത്യം ശിവം സുന്ദരം ആലപിച്ച് കീര്‍ത്തനയും രുപ് തെരാ മസ്താന ആലപിച്ച് ദീജുവും കയ്യടി നേടി. ആശാ ഭോസ് ലെ പാടിയ പര്‍ദേ മേ രഹനേ ദോ …. ഗോപിക മേനോന്‍ ആലപിച്ചപ്പോള്‍ സദസ്സില്‍ കരഘോഷം ഉയര്‍ന്നു. 30 ഓളം ഗാനങ്ങള്‍ സംഗീതമഴയായി ഹാളില്‍ പെയ്തിറങ്ങുമ്പോള്‍ ഹാളിന് പുറത്ത് അപ്രതീക്ഷിതമായി പെയ്ത മഴയും പെയ്ത് തോര്‍ന്നിരുന്നു.