കോഴിക്കോട്: നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോടിന് നഷ്ടപ്പെട്ട മൈതാനമാണ് മാനാഞ്ചിറ സ്‌ക്വയര്‍. ഈ മൈതാനം വീണ്ടും കളിക്കളമായി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അഴിമതിരഹിത മനുഷ്യാവകാശ സംരക്ഷണ സമിതി (എ.സി.എച്ച്.ആര്‍.പി.സി) കോഴിക്കോട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന മാനാഞ്ചിറ മൈതാനം നഗരവല്‍ക്കരണത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്‌ക്വയര്‍ ആയി നിര്‍മിക്കുകയും തല്‍ഫലമായി മൈതാനം ഇല്ലാതാവുകയും ചെയ്തു. ഈ മൈതാനം കോഴിക്കോട്ടെ പ്രമുഖ വ്യവസായി കുഞ്ഞിക്കോരു മൂപ്പന്‍ പൊതുജനങ്ങള്‍ക്ക് കളിക്കാനായി സൗജന്യമായി വിട്ടുകൊടുത്ത സ്ഥലമാണ്. ഇവിടെ പല വിദേശ ടീമുകളും ഫുട്‌ബോള്‍ കളിച്ചിരുന്നു. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നിരുന്നത് ഈ മൈതാനത്താണ്. ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെ പല കായിക താരങ്ങളെയും വളര്‍ത്തിയെടുത്തതാണ് പണ്ടത്തെ മാനാഞ്ചിറ മൈതാനമെന്നും എ.സി.എച്ച്.ആര്‍.പി.സി പ്രമേയത്തില്‍ പറഞ്ഞു.
കൂടാതെ തെരുവുനായകളുടെയും കാട്ടുപന്നികളുടെയും ആക്രമണവും വര്‍ധിച്ചുവരികയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. എ.സി.എച്ച്.ആര്‍.പി.സി. സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെറീന ഷെറിന്‍ ആധ്യക്ഷം വഹിച്ചു. ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. മിലി മോനി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജിമ്മി ജോര്‍ജ്ജ്, ബാബു വടക്കേല്‍, കൈസ് അഹമ്മദ്, യാസര്‍ അറാഫത്ത് ഐ.പി, എ.എം കോയട്ടി തെക്കേപ്പുറം, മിനി.ഇ, ഷൈലേഷ് പി.എ, ശശി കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.