മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് നവീകരണം  2024 ഓടെ പൂർത്തിയാക്കും മന്ത്രി മുഹമ്മദ് റിയാസ്

മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് നവീകരണം 2024 ഓടെ പൂർത്തിയാക്കും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:മാനാഞ്ചിറ -വെള്ളിമാട്കുന്ന് നഗരപാതയുടെ വികസനം 2024 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കോഴിക്കോട് -കൊല്ലഗൽ ദേശീയ പാതയുടെ (NH 766) ഭാഗമായ മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരം, പ്രസ്തുത ഭൂമിയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ്, അവാർഡ് വിതരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാങ്കേതിക നടപടികളെല്ലാം വേഗത്തിൽ തീർത്ത് റോഡിന്റെ വികസനം വേഗത്തിൽ നടപ്പാക്കുമെന്നും 24 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഇതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാവും. കോഴിക്കോട് നഗരത്തിന്റെ വികസനത്തിന് സർക്കാർ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. പാലങ്ങളും റോഡുകളും കൊണ്ടുവന്ന് മികച്ച വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കിയ എംഎൽഎ, കലക്ടർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട എട്ട് കിലോമീറ്റർ നീളം വരുന്ന ഈ റോഡിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറ ക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തത്. പദ്ധതിക്കുവേണ്ടി ഏകദേശം 7.2947 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇതിൽ 3.8326 ഹെക്ടർ ഭൂമി ആദ്യഘട്ടത്തിൽ സർക്കാർ പോളിസി പ്രകാരം നെഗോസി യേഷൻ മുഖേന ഏറ്റെടുത്തിട്ടുണ്ട്. നെഗോസിയേഷന് സമ്മതമറിയിക്കാത്ത ബാക്കി വരുന്ന ഭൂവുടമസ്ഥരുടെ 3.4621 ഹെക്ടർ ഭൂമി നിയമപ്രകാരം 277 കൈവശക്കാരിൽ നിന്നും ഏറ്റെടുത്തിരുന്നു. ഇവർക്കുള്ള നഷ്ടപരിഹാരം, കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ് എന്നിവയാണ് ചടങ്ങിൽ കൈമാറിയത്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, മുൻ എംഎൽഎ പ്രദീപ് കുമാർ.എ എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർമാരായ ഫെനിഷ കെ സന്തോഷ്, കെ.സി ശോബിത, എം എൻ പ്രവീൺ, പി. സരിത, ടി.കെ ചന്ദ്രൻ, ജില്ലാ കലക്ടർ ഡോ.എൻതേജ് ലോഹിത് റെഡ്ഡി, എഡിഎം മുഹമ്മദ് റഫീഖ് സി, ഡെപ്യൂട്ടി കലക്ടർ (എൽ എ)പി. പി ശാലിനി, സ്പെഷ്യൽ താഹസിൽദാർ (എൽ എ)കെ. ഷറീന തുടങ്ങിയവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *