സെനഗല്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഖത്തറിനെ പരാജയപ്പെടുത്തി
ദോഹ: ആതിഥേയര്‍ ആദ്യം തന്നെ പുറത്താകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ചീത്തപേരുമായാണ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിന് ഖത്തര്‍ എത്തിയത്. അവിടേയും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. വീണ്ടും തോറ്റു. ഇതോടെ ഖത്തറിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി. ഇന്നലത്തെ പരാജയത്തോടു കൂടി ഫുട്‌ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതി ഖത്തറിന് കിട്ടി. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തര്‍ രണ്ടാം മത്സരത്തില്‍ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്തറിന് മേല്‍ കരുത്തുകാട്ടുകയായിരുന്നു സെനഗല്‍. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തര്‍ പുറത്തേക്കുള്ള വക്കിലായി.