കോഴിക്കോട്: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആര്‍ദ്രം കുടുംബ സഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 28ന് തിങ്കള്‍ രാവിലെ 10 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി നിയാസ്.കെ.കെയും ജില്ലാ ജനറല്‍ സെക്രട്ടറി സി.എ റഷീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ ടോമി കുറ്റിയങ്കല്‍ പദ്ധതി വിശദീകരണം നടത്തും. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഗുരുതര രോഗ ചികിത്സക്കായി അഞ്ച്‌ലക്ഷം രൂപയും മരണപ്പെട്ടാല്‍ 10ലക്ഷം രൂപ കുടുംബത്തിനും പദ്ധതിയിലൂടെ ലഭ്യമാകും. മെമ്പര്‍മാരെ യൂണിറ്റുകളില്‍ നിന്ന് പദ്ധതിയില്‍ ചേര്‍ക്കും. പദ്ധതിയില്‍ ചേരാന്‍ 2500 രൂപയാണ് അടക്കേണ്ടത്. കേരളത്തില്‍ നാല് പതിറ്റാണ്ടുകളായി വ്യാപാരികള്‍ക്ക് സ്ഥായിയായ പദ്ധതി നടപ്പാക്കാന്‍ മറ്റൊരു വ്യാപാരി സംഘടനക്കും സാധിച്ചിട്ടില്ലെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബറാണ് മുന്‍കൈയ്യെടുത്തതെന്നും സംസ്ഥാന സെക്രട്ടറി നിയാസ്.കെ.കെ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് മെമ്പറും സംസ്ഥാന കമ്മിറ്റിയംഗവുമായ ഫൈസല്‍ കൂട്ടമരത്ത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫൈസല്‍ സി.പി, ജില്ലാ സെക്രട്ടറി അലി ഐന, വൈസ് പ്രസിഡന്റ് സഞ്ജയ് മാത്യു എന്നിവരും പങ്കെടുത്തു.