ഇടുക്കി: മുന്‍.എം.എല്‍.എ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലായെന്ന് എം.എം മണി എം.എല്‍.എ. റവന്യൂ വകുപ്പിന്റെ നോട്ടീസിന് പിന്നില്‍ താനല്ല. രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. അതില്‍ താന്‍ കൈ കടത്തേണ്ടതില്ലായെന്ന് എം.എം മണി കട്ടപ്പനയില്‍ പറഞ്ഞു. നേരത്തെ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍, വീടൊഴിയണമെന്ന റവന്യൂ വകുപ്പിന്റെ നോട്ടീസിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എം.എം മണിയാണ് സൂത്രധാരനെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് ദേവികുളം സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ വില്ലേജ് ഓഫിസര്‍ രാജേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ബലമായി ഒഴിപ്പിക്കാന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ്കലക്ടര്‍ ഇടുക്കി എസ്.പിക്ക് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്ന് രാജേന്ദ്രന്‍ വ്യത്കമാക്കി. രാജേന്ദ്രന്‍ ഉള്‍പ്പെടെ ഇക്കാനഗറിലെ 60 കുടുംബങ്ങള്‍ക്കാണ് ഭൂരേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുള്ളത്. അതേസമയം രാജേന്ദ്രനെയെന്നല്ല ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കില്ലായെന്ന് മൂന്നാറിലെ സി.പി.എം നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ റവന്യൂവകുപ്പ് ലംഘിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.