ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി-സി 54 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തില്‍ നിന്ന് വിജയകരമായി വേര്‍പ്പെടുത്തി. വിക്ഷേപിച്ചവയില്‍ ഓഷ്യന്‍ സാറ്റ് പരമ്പരയില്‍പ്പെട്ട ഈ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റ്‌ലൈറ്റുകളാണ്. പി.എസ്.എല്‍.വി എക്‌സ്എല്‍ പതിപ്പിന്റെ 24ാമത് വിക്ഷേപണമാണിത്. ഇന്ന് രാവിലെ 11.56ന് ശ്രീ ഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യന്‍സാറ്റ് ഓര്‍ബി റ്റ്-1 ലാണ് വിക്ഷേപിക്കുക. നാനോ സാറ്റ്‌ലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിക്ഷേപിക്കും. ഉപഗ്രഹങ്ങളെ വിവിധ ഭ്രമണ പഥങ്ങളിലെത്തിക്കേണ്ടതുണ്ട്. ഇതിനായി പി.എസ്.എല്‍.വി-സി 54ലെ രണ്ട് ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. വിക്ഷേപണം കഴിഞ്ഞ് 20 മിനിട്ടിന് ശേഷം 742 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ ഓഷ്യന്‍ സാറ്റ് റോക്കറ്റില്‍ നിന്ന് വേര്‍പെടും. ഇതിന് ശേഷം വിക്ഷേപണ വാഹനം താഴേക്കിറങ്ങി 516 കിലോമീറ്റര്‍ ഉയരത്തില്‍ ആദ്യ നാനോ സാറ്റ്‌ലൈറ്റ് വേര്‍പെടുത്തും. 528 കിലോമീറ്റര്‍ ഉയരത്തിലാണ് അവസാന ഉപഗ്രഹം വേര്‍പെടുത്തുക.