കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ഉൾപ്പെടെ കാർഗോ നിരക്കുകളിലുള്ള വർദ്ധനയും കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ ചരക്കു സേവന നികുതിയും കാരണം പഴം പച്ചക്കറി കയറ്റുമതിയിൽ ഉണ്ടായിട്ടുള്ള സ്തംഭനം ഒഴിവാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം എഞ്ചിനീയർ എം.എ സലീം ആവശ്യപ്പെട്ടു. വിമാന മാർഗം കയറ്റുമതി ചെയ്യുന്ന ചരക്കു കൂലിയിന്മേൽ 18 ശതമാനം ഐ ജി എസ് ടി ഈടാക്കാനുളള കേന്ദ്ര സർക്കാർ തീരുമാനവും വിമാന ചരക്കു കൂലിയിലുള്ള വർദ്ധനവും കാരണം കേരളത്തിൽ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി പൂർണമായും നിലച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഓപ്പൺ സ്‌കൈ പോളിസി കാരണം വിദേശ വിമാനക്കമ്പനികൾക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് കാർഗോ സർവ്വീസ് നടത്താനുമുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കാർഗോ നിരക്കിൽ ഏർപ്പെടുത്തിയ വർദ്ധന പിൻവലിക്കാൻ വിമാനക്കമ്പനികൾ തയാറായിട്ടില്ല. കയറ്റുമതി നിലക്കുന്നതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എം.പിമാരും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് കയറ്റുമതി പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.