തിരുവനന്തപുരം: തുറമുഖ നിര്‍മാണം അദാനി ഗ്രൂപ്പ് വീണ്ടും ഇന്ന് തുടങ്ങാനിരിക്കെ വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ. നിര്‍മാണ പ്രവര്‍ത്തനങ്ങ്ള്‍ ഇന്നാരംഭിക്കുമെന്ന് അറിയിച്ചുക്കൊണ്ട് അദാനി ഗ്രൂപ്പ് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത്. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പോലിസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ സ്ഥിതി വഷളാവുകയായിരുന്നു. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പോലിസ് ഏറെ ബുദ്ധിമുട്ടി. പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറും നടത്തി. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. പോലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.