തലശ്ശേരി: ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്‍പന ചോദ്യം ചെയ്തതിനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി ജാക്‌സന്റെ വീട്ടില്‍ ലഹരി വില്‍പന എന്ന പരാതിയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നല്‍കിയതെന്ന് പ്രതികള്‍ സംശയിച്ചു. നേരത്തെയും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ തലശ്ശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധം പോലിസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. ഇതുവരെ ഏഴ് പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുവുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുശേഷം മൂന്നാം പ്രതി സന്ദീപിനൊപ്പം ബാബു പാറായി എത്തിയത് പിണറായി കമ്പൗണ്ടര്‍ഷോപ്പ് മേഖലയിലാണ്. സഞ്ചരിച്ച ഓട്ടോയും ആയുധവും ഒളിപ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ വാഹനം പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യം നടന്ന തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.