കോഴിക്കോട്: കേരള വികലാംഗ സഹായസമിതിയുടെ 49ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 3,4 തിയതികളില്‍ കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ നടക്കുമെന്ന് സംസ്ഥാന രക്ഷാധികാരി കെ. അശോകനും പ്രസിഡന്റ് പി.വി നാമദേവനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നിന് രാവിലെ 10 മണിക്ക് കാനത്തില്‍ ജമീല എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍ അധ്യക്ഷത വഹിക്കും. നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പല്‍ ചെയപര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ മാസം 3000 രൂപയായി വര്‍ധിപ്പിക്കുക, എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുക, ക്ഷേമ കമ്മീഷനെ നിയമിക്കുക, സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് അവ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുക, ഭിന്നശേഷിക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, വിവാഹത്തിന് ഒരുലക്ഷം ധനസഹായം അനുവദിക്കുക, 2022 ആഗസ്റ്റ് 15 വരെ താല്‍ക്കാലിക നിയമനം ലഭിച്ച എല്ലാ ഭിന്നശേഷിക്കാരേയും സര്‍വീസില്‍ പുനര്‍ നിമയനം നടത്തി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.കെ സത്യന്‍, ചെയര്‍മാന്‍ ഒ. ഗംഗാധരന്‍, ജില്ലാ പ്രസിഡന്റ് പി. വേലായുധന്‍, അശോകന്‍ കെ.കെ, എം.കെ മുരളീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.