അമേരിക്കയോട് ഗോള്‍രഹിത സമനില വഴങ്ങി ഹാരികെയ്‌നും കൂട്ടരും
ദോഹ: ഇറാനെ ഗോള്‍മഴയില്‍ ആറാടിച്ചതു പോലെ എളുപ്പമായിരുന്നില്ല ഹാരികെയ്‌നും കൂട്ടര്‍ക്കും അമേരിക്കയോടുള്ള കളി. അവര്‍ നന്നേ പാടുപ്പെട്ടു. ഒടുവില്‍ ഗോള്‍രഹിത സമനിലയില്‍ ഇരു ടീമുകളും പിരിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന ഇംഗ്ലണ്ട്- അമേരിക്ക പോരാട്ടത്തില്‍ കടലാസിലെ കളിയില്‍ ഇംഗ്ലണ്ടാനായിരുന്നു മേല്‍കൈയ്യെങ്കിലും അമേരിക്ക അവരെ വെള്ളം കുടിപ്പിച്ചു. ലോകകപ്പില്‍ യു.എസ്.എയെ തോല്‍പിക്കുക എന്നത് ബാലികേറാമലയായി ഇംഗ്ലണ്ടിന് തുടരുകയാണ്. ലോകകപ്പില്‍ നാളിതുവരെ ഇംഗ്ലണ്ടിന് യു.എസ്.എയെ തോല്‍പിക്കാനായിട്ടില്ല. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ സൂക്ഷിച്ചിട്ടും ഇംഗ്ലണ്ടിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ മറുഭാഗത്ത് യു.എസ.എ ടീം ആക്രമിച്ച് കളിക്കുകയും ചെയ്തു. ഹാരി കെയ്‌നിനൊപ്പം ബുക്കായോ സാക്ക, മേസന്‍ മൗണ്ട്, റഹീം സ്റ്റെര്‍ലിംഗ് എന്നിവരുണ്ടായിട്ടും ഇംഗ്ലണ്ടിന് പന്ത് വലയിലെത്തിക്കാനായില്ല. മറുവശത്ത് യൂറോപ്യന്‍ ലീഗുകളിലെ പരിചയത്തിന്റെ കരുത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചും തിമോത്തി വിയ്യയും സെര്‍ജിനോ ഡസ്റ്റുമെല്ലാം അപ്രതീക്ഷിത ആക്രമണങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. നിലവില്‍ ഗ്രൂപ്പ ബിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതും രണ്ട് പോയിന്റുമായ യു.എസ്.എ മൂന്നാമതുമാണ്.