ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം. 17,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കുടിശ്ശിക തുകയാണ് കേന്ദ്രം അനുവദിച്ചത്. ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക അടക്കമുള്ളവ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക ഉള്‍പ്പെടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,15,662 കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാരമായി അനുവദിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന പ്രത്യേക ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധി കുറച്ചതിലെ പുനരാലോചനയടക്കം ധനമന്ത്രി മുന്നോട്ട് വെച്ചു. സംസ്ഥാനത്തിന് കിട്ടാനുള്ള പണം വിട്ടുനല്‍കണമെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം.
ജി.എസ്.ടി കോംപന്‍സേഷന്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനം നിലവില്‍ 50- 50 അനുപാതത്തിലാണ്. ഇത് 60 ശതമാനം സംസ്ഥാനങ്ങള്‍ക്കും 40 കേന്ദ്രത്തിനുമെന്ന രീതിയിലേക്ക് മാറ്റണം. കെ- റെയില്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം 25,000 കോടി കുറഞ്ഞുവെന്നും അതിനാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലടക്കം പുനരാലോചന വേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.