- രവി കൊമ്മേരി
ഷാര്‍ജ: യു.എ.ഇയിലെ വികസന സാധ്യത വളരെ കൂടുതലുള്ള ഷാര്‍ജ എമിറേറ്റ്സില്‍, കൊമേഴ്സ്യല്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര വിനോദസഞ്ചാര സമ്മേളനം ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. വികസനരംഗത്തെ അനന്ത സാധ്യതകള്‍ മുന്‍നിര്‍ത്തി ഷാര്‍ജ സുല്‍ത്താനും യു.എ.ഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദസഞ്ചാര സമ്മേളനത്തില്‍ ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവലപ്മെന്റ് അതോറിറ്റി, ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ് സെന്റര്‍, ഷാര്‍ജ സഫാരി, ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ്, ഷാര്‍ജ മ്യൂസിയം എന്നീ വകുപ്പുകളുടെ പവലിയനുകള്‍ ശ്രദ്ധേയമായി. നിരവധി പുരാവസ്തുക്കളുടെ പ്രദര്‍ശനവും വികസന മാതൃകകളുടെ രൂപരേഖകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനത്തിനുശേഷം ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി വിവിധ മേഖലകളിലെ നിക്ഷേപകരെ ആദരിക്കുകയുണ്ടായി. എല്ലാ പവലിയനുകളും സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്ന് വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംവാദങ്ങളും ചര്‍ച്ചകളും നടന്നു.