വിവരങ്ങളെല്ലാം വിരൽതുമ്പിലേക്ക്

വിവരങ്ങളെല്ലാം വിരൽതുമ്പിലേക്ക്

കൊയിലാണ്ടി നഗരസഭയിൽ ജി ഐ എസ് മാപ്പിങ് ആരംഭിച്ചു

കോഴിക്കോട്:കൊയിലാണ്ടി നഗരസഭ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ നഗരസഭയുടെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഡ്രോൺ പറത്തി നിർവഹിച്ചു.

ആദ്യഘട്ടത്തിൽ നഗരസഭയിലെ റോഡുകളുടെ മാപ്പിങ്ങും പൊതു ആസ്തികളായ കുളങ്ങൾ, തോടുകൾ, പുഴകൾ, തെരുവു വിളക്കുകൾ, തുടങ്ങിയവയുടെ മാപ്പിംഗും പൂർത്തീകരിക്കും. റോഡ്, നടപ്പാത, ലാൻഡ് മാർക്ക്, പാലം, ഡ്രെയിനേജ്, കനാൽ, കൾവർട്ട്, റോഡ് ജങ്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർക്കിങ് ഏരിയ, തരിശുനിലങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, വീടുകൾ, നഗരസഭയുടെ മറ്റ് ആസ്തികൾ എന്നിവയുടെ പൂർണ വിവരങ്ങളും വെബ്സൈറ്റിലുണ്ടാവും. വിവരങ്ങൾ വെബ്പോർട്ടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പത്തുലക്ഷം രൂപ അടങ്കൽ വകയിരുത്തിയ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യു.എൽ.ടി.എസ് ആണ് ഏറ്റെടുത്തത്.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ.എ.ഇന്ദിര ടീച്ചർ, ഇ.കെ.അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിം കുട്ടി, എ.ലളിത എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *