- സമരത്തിന് യു.ഡി.എഫ് പിന്തുണ
കോഴിക്കോട്: ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ച് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തില്‍ 42 പേര്‍ അറസ്റ്റിലായിരുന്നു. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതോടെയാണ് സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ സമരമുഖത്ത് തുടരുകയാണ്. സമരത്തിന് യു.ഡി.എഫ് പിന്തുണയും ഉണ്ട്.
പ്ലാന്റ് നിര്‍മാണത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. വീട്ടിലിരുന്ന സ്ത്രീകളെ അല്ല, സമരത്തിന് വന്നവരെയാണ് പോലിസ് വലിച്ചിഴച്ചു കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും മേയര്‍ പറഞ്ഞു.
മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ നേരത്തെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്ലാന്റ് നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ വന്‍ പോലിസ് സന്നാഹത്തോടെയെത്തി നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.