പൊരുതി വീണ് ഘാന. ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. ഘാനയ്ക്കെതിരേ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പോര്‍ച്ചുഗലിനു വേണ്ടി ക്യാപ്റ്റനും സൂപ്പര്‍താരവുമായ ക്രസ്റ്റ്യാനോ റൊഡാള്‍ഡോ, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവരും ഗോളുകള്‍ നേടി. പെനാല്‍ട്ടി വഴിയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഈ ഗോളിലൂടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കര്‍ഹനായി ക്രസ്റ്റ്യാനോ റൊണാള്‍ഡോ. ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിലാണ് ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ മത്സരം ഘാന തങ്ങളുടെ കൈകളിലൊതുക്കുമെന്ന് തോന്നിച്ചിരുന്നു. അത്രക്കും ആക്രമണോത്സുകതയോടു കൂടിയാണ് അവര്‍ കളിച്ചത്.
മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. ബോക്സില്‍ റൊണാള്‍ഡോയെ ഘാനയുടെ ഡിഫന്‍ഡര്‍ സലിസു വീഴ്ത്തിയതിനാണ് അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്ത് പെനാല്‍ട്ടി നല്‍കിയത്. പെനാല്‍ട്ടി തീരുമാനകത്തില്‍ വാര്‍ ഇടപെടാത്തതില്‍ വിവാദവുമുണ്ടായി. 65-ാം മിനിട്ടില്‍ പെനാള്‍ട്ടി ലക്ഷ്യംകണ്ട് റൊണാള്‍ഡോ ചരിത്രത്തിലേക്ക് കൂടിയാണ് നടന്നു കയറിയത്. എന്നാല്‍ 74ാം മിനിട്ടില്‍ ഘാന തിരിച്ചടിച്ചു. ഘാനയുടെ നായകന്‍ ആന്ദ്രേ
അയൂ പോര്‍ച്ചുഗല്‍ വല കുലുക്കി ടീമിന് സമനില സമ്മാനിച്ചു. എന്നാല്‍ 78-ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്സ് അനായാസം ഗോള്‍ കീപ്പറെ കീഴടക്കി. 80 മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷിലൂടെ പോര്‍ച്ചുഗല്‍ ലീഡുയര്‍ത്തി. 89ാം മിനിട്ടില്‍ ബുകാരിയുടെ ഹെഡ്ഡറിലൂടെ ഘാന രണ്ടാം ഗോള്‍ നേടി.