കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ്  പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും

കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും

കോഴിക്കോട്: ജില്ലയിൽ കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെയ്പ്പിൽ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. രോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ശാക്തീകരണത്തിന് ബ്ലോക്കുകളിൽ നടപ്പാക്കേണ്ട വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി പൂർണ്ണമായും കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാകാത്ത മേഖലകളിൽ ഡിസംബർ ഒന്ന് മുതൽ 14 വരെ പ്രത്യേക ക്യാമ്പയിൻ നടത്തും.
കുട്ടികൾക്ക് പൂർണമായും രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ താഴെ തട്ടിൽ ശക്തിപ്പെടുത്തണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ബോധവൽക്കരണ പരിപാടികളിൽ ആശാവർക്കർമാർ ഉൾപ്പടെയുള്ള പൊതുജനാരോഗ്യ പ്രവർത്തകർക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. ആശാ പ്രവർത്തകർ കുഞ്ഞുങ്ങളുടെ പട്ടിക തയ്യാറാക്കി പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായും എടുക്കാത്തതിനുള്ള കാരണങ്ങൾ കണ്ടെത്തണം. താഴെ തട്ടിൽ പഠനം നടത്തി കുത്തിവയ്പ്പിനൊടുള്ള സമീപനം ചോദിച്ചു മനസ്സിലാക്കണമെന്നും കലക്ടർ പറഞ്ഞു. ജനപ്രതിനിധികൾ ഊർജിതമായി പ്രവർത്തിച്ച് പ്രചരണം ശക്തിപ്പെടുത്തണം. രോഗ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്തതുകൊണ്ട് ഒരു മരണവും ഉണ്ടാകാൻ പാടില്ലെന്നും കലക്ടർ നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ പ്രാദേശികമായി ഇടപെടലുകൾ നടത്തി ക്യാമ്പയിൻ നടത്തണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ 100% വാക്‌സിനേഷൻ കൈവരിക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും യോഗത്തിൽ ഡി എം ഒ ഉമ്മർ ഫറൂഖ് നിർദ്ദേശിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ,ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡി എം ഒ സ്വാഗതവും ആർ സി എച്ച് ഓഫീസർ ടി മോഹൻദാസ് വിഷയാവതവരണവും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *