കോഴിക്കോട്: ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തില്‍ ആറാടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബാ സംസ്ഥാന കമ്മിറ്റി. ഫുട്‌ബോള്‍ കായികാഭ്യാസമെന്ന നിലയില്‍ മികച്ച കളി ആണ്, മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ തന്നെ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍, ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു നേരത്തെ ഭക്ഷണത്തിന് വക ഇല്ലാത്തവരുള്ള നാട്ടില്‍ എന്തിനാണ് ഫുട്‌ബോള്‍ ലഹരിയുടെ പേരില്‍ ആര്‍മാദിക്കുന്നതെന്നും ഹീറോ വര്‍ഷിപ് തെറ്റാണെന്നും സമസ്ത. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വുബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ നമസ്‌കാരങ്ങളെ ഒക്കെ തടസപ്പെടുത്തുന്ന രീതിയില്‍ ഒരിക്കലും ഫുട്‌ബോള്‍ ലഹരി ബാധിക്കരുതെന്നും സമസ്ത പറയുന്നു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യന്‍ സമയം രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരേ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. അതിര് വിട്ട ആരാധന ശരിയല്ല. ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെയും കളിക്കാരെയും ആരാധിക്കുന്നതും അവരെ ദൈവങ്ങളെ പോലെ കാണുന്നതും പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത നിലപാട് വ്യക്തമാക്കി. അനുകൂലവും പ്രതികൂലവുമായ ഒരുപാട് പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്.