കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്‌കരണപ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നു. സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ‘വീട്ടിലിരുന്ന സ്ത്രീകളെ അല്ല, സമരത്തിന് വന്നവരെയാണ് പോലിസ് കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും പോലിസ് നടപടിയെ മേയര്‍ ന്യായീകരിച്ചു.
കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പോലിസിന്റെ ബലപ്രയോഗം. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പോലിസ് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.
മുദ്രാവാക്യം വിളികളോടെ റോഡില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലിസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലിസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ കുട്ടി ശ്രമിച്ചതോടെയാണ് കുട്ടിയെയും പോലിസ് സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പദ്ധതി പ്രദേശത്ത് പ്രതിഷേധം തുടരാനാണ് സമരസമിതിയുടെ തീരുമാനം. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്‍മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി അറിയിച്ചു.