ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ല. ഈ പദ്ധതികളിലൂടെ ബജറ്റ് ലാഭിക്കുകയാണ് എന്നാണ് സര്‍ക്കാര്‍പറയുന്നത്. എന്നാല്‍, രാജ്യം തന്നെ നിലനില്‍ക്കാത്തപ്പോള്‍ ബജറ്റ് എങ്ങനെ നിലനില്‍ക്കും. അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ റിക്രൂട്ട്‌മെന്റ് റാലിക്ക് ശേഷം ആര്‍ക്കും ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെയിന്‍പുരിയില്‍ നടന്ന എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അഖിലേഷ്.
നേരത്തെയും അഖിലേഷ് യാദവ് അഗ്നിപഥ് പദ്ധതിക്കെതിരേ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ തീരുമാനമെന്നായിരുന്നു വിശേഷിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ നിന്നാണ് മത്സരിക്കുന്നത്. പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മെയിന്‍പുരി സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.