തലശ്ശേരി: മയക്ക്മരുന്ന് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചു. ഇന്നലെ വൈകിട്ട് നാലര മണിയോടെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. കൊടുവള്ളിയിലെ ഇല്ലിക്കുന്നില്‍ ത്രിവര്‍ണയില്‍ ഖാലിദ് ( 52), ഖാലിദിന്റെ അളിയനും സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍ (48) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഖാലിദ് തല്‍ക്ഷണവും. ഷമീര്‍
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ആക്രമത്തിനിരയായ നെട്ടൂര്‍ സാറാസില്‍ ഷാനിബി(24)നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊടുവള്ളിയിലെ പാറായി ബാബുവാണ് ഇവരെ അക്രമിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും മറ്റ് ശരീരഭാഗങ്ങളിലും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.
ഖാലിദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആമുക്ക പള്ളി ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച ഖബറടക്കും. ഇന്നലെ ഉച്ചക്ക് ഷമീറിന്റെ മകന്‍ ഷബിലിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷവും കൈയ്യാങ്കളിയും നടന്നിരുന്നു. കൊല്ലപ്പെട്ട ഖാലിദും, പരുക്കേറ്റ ഷമിറും ഷാനിബും, സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ വന്നതായിരുന്നു. വിവരമറിഞ്ഞ് ഓട്ടോയില്‍ പാറായി ബാബുവടക്കം അഞ്ചു പേര്‍ സഹകരണ ആശുപത്രിയിലെത്തി. പ്രശ്‌നം മദ്ധ്യസ്ഥം പറഞ്ഞ് തീര്‍ക്കാമെന്ന് ധരിപ്പിച്ച് പാറായി ബാബു ഇവരെ ആശുപത്രിക്ക് പുറത്തേക്ക് വിളിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീട് തര്‍ക്കവും വാക്കേറ്റവും നടക്കുന്നതിനിടെയാണ് ബാബു കത്തിവീശി അക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ ജാക്‌സണ്‍, നവീന്‍, സുജിത് എന്നിവരാണ് പിടിയിലായത്. മയക്ക് മരുന്ന് സംഘങ്ങളും മാഫിയാ സംഘങ്ങളും അരങ്ങ് തകര്‍ക്കുന്ന തലശ്ശേരിയില്‍ ഇവരെ ഭയന്നാണ് പല ഭാഗങ്ങളിലും ജനങ്ങള്‍ കഴിയുന്നത്. തലശ്ശേരി പോലിസ് കേസെടുത്തു. പോലിസ് കമ്മീഷണര്‍ അജിത് കുമാര്‍, അഡീഷണല്‍ എസ്.പി.എ വി.പ്രദീപ്, തലശ്ശേരി എ.എസ്.പി നിതിന്‍ രാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയായ ഖാലിദ്. ഭാര്യ: സീനത്ത്, മക്കള്‍: പര്‍വീന, ഫര്‍സീന്‍, മരുമകന്‍: റമീസ് (പുന്നോല്‍) സഹോദരങ്ങള്‍: അസ്‌ലം ഗുരുക്കള്‍, സഹദ്, അക്ബര്‍, ഫാബിത, ഷംസീന.
പരേതനായ ഹംസ – ആയിഷ ദമ്പതികളുടെ മകനാണ് ഷമീര്‍. ഭാര്യ: ഷംഷീന. രണ്ട് മക്കളുണ്ട്.