കോഴിക്കോട്: എരഞ്ഞിക്കലില്‍ ഈമാസം ഒമ്പതിന് പൊതുപ്രവര്‍ത്തകരും മീഡിയകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് ഭക്ഷ്യവിഷബാധയില്‍നിന്ന് രക്ഷപ്പെട്ടതെന്നും ആരോഗ്യവകുപ്പ് നശിപ്പിച്ച മൂവായിരം കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴികളെ കച്ചവടം ചെയ്യാന്‍ ശ്രമിച്ച വ്യാപാരിക്കെതിരേ കര്‍ശന നടപടി വേണമെന്നും കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാമുകളില്‍ നിന്ന് രോഗം വന്ന കോഴികളെ വിലക്കുറവില്‍ വാങ്ങി വിലകുറച്ച് വിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. രണ്ട് ദിവസംകൊണ്ട് ചാവുമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ വിധിയെഴുതിയ കോഴികളെ സൗജന്യമായും 30 മുതല്‍ 50 രൂപവരെ വിലകുറച്ചും വില്‍പ്പന നടത്തിയാണ് ജനങ്ങളെ വഞ്ചിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഫാമുകളില്‍ നിന്ന് രോഗം വന്ന കോഴികളെ എത്തിക്കുന്നത് വന്‍ ലോബിയാണ്.
ചെക്ക്‌പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുണ്ടെങ്കിലും പരിശോധന ഫലപ്രദമല്ലാത്തതിനാലാണ് ഇത്തരം കോഴികള്‍ മാര്‍ക്കറ്റിലെത്തുന്നത്. ഐ.ബി.ഡി, ആര്‍.ഡി (പ്രതിരോധ മരുന്നില്‍ കുറവ് വരുമ്പോള്‍ ഉണ്ടാകുന്ന രോഗം), പറവി കാച്ചല്‍ (പനി), ചളി ഭക്ഷിക്കല്‍ (ഫാമുകളില്‍ മഴവെള്ളം കയറുമ്പോള്‍), ജനിതക കുറവ് (വികലാംഗര്‍) പാരന്റ് ( 5 കിലോയിലധികം തൂക്ക കൂടുതലുള്ള കോഴികള്‍) ഇവയെല്ലാമാണ് കൊണ്ടുവന്ന് വില്‍ക്കുന്നതെന്നവര്‍ ആരോപിച്ചു (മറ്റ് രാജ്യങ്ങളില്‍ ഇത്തരം കോഴികളെ നശിപ്പാക്കാറാണ് പതിവ്). പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും തങ്ങളുടെ കടകളില്‍ വില്‍ക്കാറില്ലെന്നവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുകയും ഗുണനിലവാരമില്ലാത്ത ചിക്കന്‍ വില്‍ക്കുകയും ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നവര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ആക്ടിങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ട്രഷറര്‍ അബ്ദുറഹിമാന്‍ മാത്തറ, സിയാദ്, സാദിക് പാഷ, ആബിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.