തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി പാറായി ബാബു വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തേയും പ്രതിയാണ്. മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന പ്രതി കുറേ കാലങ്ങളായി ഡി.വൈ.എഫ്.ഐ -സി.പി.എം സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. സി.പി.എം നേതൃത്വം സംഭവ ശേഷം പാറായി ബാബുവിനെ തള്ളിപ്പറഞ്ഞെങ്കിലും ബാബു സജീവ പ്രവര്‍ത്തകന്‍ തന്നെയാണ്. ഇരട്ടക്കൊലപാതക ശേഷം കര്‍ണാടകയിലേക്ക് മുങ്ങിയ പാറായി ബാബുവും മൂന്ന് സുഹൃത്തുക്കളും പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി വീണ്ടു കേരളത്തിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. ഇതിനിടെ ആറ് സംഘങ്ങളായി പോലിസ് മുഖ്യപ്രതിയായ ബാബുവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്ന് ഇരിട്ടിയിലെത്തിയ സമയം പോലീസ് പ്രതികള്‍ സഞ്ചരിച്ച വാഹനം കൈകാട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. എന്നാല്‍ പോലിസ് ബാബുവിനെയും കൂടെ ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേരെയും കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി തലശ്ശേരി എ.എസ്.പി നിധിന്‍രാജിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപിപ്പിച്ചിരുന്നു. അമ്പതിലധികം സി.സി ടി.വി കാമറകളുള്‍പ്പെടെ പോലിസ് പരിശോധിച്ചിരുന്നു. കര്‍ണാടകയിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ ഇന്ന് വൈകീട്ട് പ്രതികള്‍ പോലീസിന്റെ വലയിലാവുന്നത്. കണ്ണൂര്‍ റൂറല്‍ എസ്.പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തലശ്ശേരി എ.എസ്.പി നിധിന്‍ രാജ്, കൂത്ത്പറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, തലശ്ശേരി സി.ഐ എം.അനില്‍, എസ്. ഐ കെ. ആര്‍ ഷെമി മോള്‍ എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.