കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; അസ്ഥിരോഗ വിദഗ്ധനെതിരേ കേസ്

കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; അസ്ഥിരോഗ വിദഗ്ധനെതിരേ കേസ്

തലശ്ശേരി: ഫുട്‌ബോള്‍ കളിക്കിടെ വീണ് പരുക്കേറ്റ് ചികിത്സ തേടിയ 17കാരന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റിയ സംഭവത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ വിജു മോനെതിരേ തലശ്ശേരി പോലിസ് കേസെടുത്തു. കൈ നഷ്ടപ്പെടും വിധം ചികിത്സയില്‍ അശ്രദ്ധയും അനാസ്ഥയും കാട്ടിയെന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 338 വകുപ്പിലാണ് കേസ്. വിദ്യാര്‍ത്ഥിയുടെ പിതാവ് ചേറ്റംകുന്നിലെ നാസ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഉള്‍പെടെ കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചനയുണ്ട്.
വ്യാപകമായ പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ ഡി.എം.ഒ ഡോ. നാരായണ നായ്കിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രീത ജനറല്‍ ആശുപത്രിയിലെത്തി അന്വേഷണം തുടങ്ങി. കുട്ടിയെ പരിശോധിച്ച അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോന്‍, ആര്‍.എം.ഒ ജിതിന്‍, തീവ്രപരിചണ വിഭാഗത്തില്‍ പരിശോധിച്ച മറ്റു ഡോക്ടര്‍മാര്‍, അനസ്തേഷ്യസ്റ്റ് തുടങ്ങിയവരില്‍ നിന്ന് തെളിവെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും. തലശേരി ചേറ്റംകുന്നിലെ അബൂബക്കര്‍ സിദ്ദീഖിന്റെ മകനായ സുല്‍ത്താന്‍ ബിന്‍ സിദ്ദീഖിന്റെ കൈയാണ് അണുബാധയെ തുടര്‍ന്നു മുറിച്ചുമാറ്റിയത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിപ്പിച്ചതാണ് കൈമുറിച്ചു മാറ്റേണ്ടിവന്ന സാഹചര്യം വരുത്തിയതെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പിതാവ് അബൂബക്കര്‍ സിദ്ദീഖ് നല്‍കിയ പരാതിയില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടി ചികിത്സ തേടിയിരുന്നു. കൈ മുഴുവനായി മുറിച്ചുമാറ്റേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇടതുകൈയുടെ മുട്ടിനുതാഴെ മുറിച്ചു മാറ്റുകയായിരുന്നു.
ആദ്യം ചികിത്സതേടിയ ജനറല്‍ ആശുപത്രിയിലെ പിഴവാണ് മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി. ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘമാണ് അന്വേഷണം തുടരുന്നത്.മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടരന്വേഷണം നടന്നതിന് ശേഷമേ പോലിസ് അനന്തര നടപടികള്‍ സ്വീകരിക്കാനിടയുള്ളൂ. എന്നാല്‍ സംഭവം സംബന്ധിച്ച ചികിത്സാ രേഖകള്‍ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *