കണ്ടുപിടുത്തങ്ങളുടെ പുതുലോകം തീര്‍ത്ത് ത്രിദിന ശാസ്ത്രമേള തുടങ്ങി

കണ്ടുപിടുത്തങ്ങളുടെ പുതുലോകം തീര്‍ത്ത് ത്രിദിന ശാസ്ത്രമേള തുടങ്ങി

മാഹി: നവീനങ്ങളായ ആശയങ്ങള്‍ക്കൊണ്ടും നൂതനമായ കണ്ടുപിടുത്തങ്ങള്‍ കൊണ്ടും സമ്പന്നമായ ത്രിദിന സ്‌കൂള്‍ ശാസ്ത്രമേളക്ക് പള്ളൂര്‍ വി.എന്‍.പി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയായി. അന്ധര്‍ക്ക്, മുന്നിലുള്ള അപകടങ്ങളെ തിരിച്ചറിയാനുള്ള ഫാത്തിമ സിദ്ര രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് ബ്ലൈന്‍ഡ് സ്റ്റിക്കും ലഹരി പദാര്‍ത്ഥങ്ങള്‍ തലച്ചോറിനെ എങ്ങനെ മാരകമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനി നസ്‌റയുടെ ഹെല്‍ത്തി ബ്രെയിനും വന്‍തോതിലുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പത്താംതരം വിദ്യാര്‍ത്ഥിനി സംഷിതയുടെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റും ആകര്‍ഷകമായി. വാരിക്കുഴികള്‍ നിറഞ്ഞ റോഡിലൂടെ അതിവേഗം കുലുക്കമില്ലാതെ രോഗികള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാനുള്ള ഓട്ടോ സ്റ്റെബിലൈസിങ്ങ് ബെഡ് ടെക്‌നോളജി സംവിധാനമൊരുക്കിയ മുഹമ്മദ് അജ്മലിന്റെ ആംബുലന്‍സും കൗതുകമായി.

മെക്കാനിക്കല്‍ എനര്‍ജിയെ ഇലക്ട്രിക്കല്‍ എനര്‍ജിയാക്കി മാറ്റി ട്രെയിന്‍ സഞ്ചാരം സാധിതമാക്കുകയും വൈദ്യുതി സംഭരിച്ച് വിതരണം നടത്തുകയും ചെയ്യാവുന്ന കണ്ടുപിടുത്തമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ സജിന്‍ സാജു നിര്‍മിച്ചത്. പഞ്ചിങ്ങ് കാര്‍ഡുപയോഗിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്ന മുഴുവന്‍ യാത്രികരുടെ വിവരങ്ങളും റിക്കാര്‍ഡ് ചെയ്യപ്പെട്ടിരിക്കും. ഇത് യാത്രാ സുരക്ഷിതത്വം ഉറപ്പ് വരുത്തും. ചരിത്രത്തില്‍ നിന്ന് കണ്ടെടുത്ത എടക്കല്‍ ഗുഹയിലെ ജാമതീയ രൂപങ്ങള്‍ എങ്ങനെ ശാസ്ത്ര വെളിച്ചം പകരുന്നുവെന്നാണ് ഫ്രഞ്ച് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച യു.പി വിഭാഗത്തിലെ ശിവദ രാജേഷ് അവതരിപ്പിച്ച സ്റ്റില്‍മോഡല്‍ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രയില്‍ ലോവര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുന്ന അമ്മയ്ക്ക് മുലയൂട്ടാനും വൃദ്ധജനങ്ങള്‍ക്ക് ഇരിക്കാനും ഗവ: മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അഭിയ കെ.ജോണ്‍സണ്‍ രൂപകല്‍പ്പന ചെയ്ത ട്രെയിന്‍ ബര്‍ത്ത് ഫോര്‍ മം ആന്റ് കിഡ് ഉപയുക്തമാകും.
450 ഓളം ശാസ്ത്ര പുസ്തകങ്ങളുടേയും ലഹരിക്കെതിരേയുള്ള കലാപരവും ശാസ്ത്രീയവുമായ ബോധവല്‍ക്കരണവും ശാസ്ത്ര ബോധമുണര്‍ത്താന്‍ ഏറെ സഹായകമായി. അഷ്‌ന, മാധവ്, ശ്രീഭദ്ര, ഹരിദേവ്, ഋതിക, ഇഷാന്‍ എന്നിവരാണ് വിജ്ഞാനദായകമായ ഈ പ്രദര്‍ശനത്തിന് പിന്നിലെ വിദ്യാര്‍ത്ഥികള്‍. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

31 സ്‌കൂളുകളില്‍ നിന്നായി 195 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും പങ്കെടുക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് ബുധനാഴ്ച്ച ശാസ്ത്ര ക്വിസും നടന്നു. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ അധ്യക്ഷത വഹിച്ചു. കെ.പി ഹരീന്ദ്രന്‍, ജി.ടി.ഒ ജനറല്‍ സെക്രട്ടറി എം.കെ സകിത, ജി.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.വി മുരളീധരന്‍, വി.പി മുനവര്‍ സംസാരിച്ചു. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി സ്വാഗതവും വി.എന്‍ പുരുഷോത്തമന്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. ഷീബ നന്ദിയും പറഞ്ഞു. 25ന് ശാസ്ത്രമേള സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *