-
രവി കൊമ്മേരി
ഷാര്‍ജ: ‘ഉണരുന്ന വിനോദസഞ്ചാര മേഖല’ എന്ന പ്രമേയത്തില്‍ ഒന്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര വിനോദസഞ്ചാര സമ്മേളനം നടന്നു. ഷാര്‍ജ എക്‌സ്പോ സെന്ററിലാണ് വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള സമ്മേളനം നടന്നത്. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ: ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനം, ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിദഗ്ധരും ഉദ്യോഗസ്ഥരും വന്‍കിട ട്രാവല്‍ – ടൂറിസം സ്ഥാപന മേധാവികളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനവും അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥ നിര്‍ണയിക്കുന്ന മേഖലയായി വിനോദസഞ്ചാരം മാറുന്ന സാഹചര്യങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ഈ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വിദഗ്ധ പാനലുകളായിരിന്നു ചര്‍ച്ചകള്‍ നിയന്ത്രിച്ചത്. ഭാവിയിലേക്ക് വിനോദസഞ്ചാരം ക്രിയാത്മകമായ എങ്ങനെ വികസിപ്പിക്കാമെന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഡോ. അമര്‍ അല്‍ കസീം (സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിസിനസ് അസോസിയേറ്റ് പ്രൊഫസര്‍), മുഹമ്മദ് ജാസിം അല്‍ റൈസ് (ട്രാവല്‍ & ടൂറിസം ഏജന്‍സി ചെയര്‍മാന്‍), എച്ച്.ഇ അഹമ്മദ് ഒബൈദ് അല്‍ ഖസീര്‍ (ആക്ടിങ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഷുരൂഖ് ) എന്നിവര്‍ വിശദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
പ്രാദേശിക വിനോദസഞ്ചാര മേഖല അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുതകുന്ന ആശയങ്ങളും ചര്‍ച്ച ചെയ്തു. ഷാര്‍ജയിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്, ഷാര്‍ജ ഹെറിറ്റേജ്, ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി, ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ തുടങ്ങിയ വകുപ്പുകളും വിനോദസഞ്ചാര സമ്മേളനവുമായി സഹകരിച്ചുകൊണ്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.