ശാസ്ത്രമേളയിലും അന്ധവിശ്വാസം: കെ.കെ.സനിലിന്റെ പ്രതിഷ്ഠാപന കലയ്ക്ക് പള്ളൂര്‍ വി.എന്‍.പി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിലക്ക്

ശാസ്ത്രമേളയിലും അന്ധവിശ്വാസം: കെ.കെ.സനിലിന്റെ പ്രതിഷ്ഠാപന കലയ്ക്ക് പള്ളൂര്‍ വി.എന്‍.പി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിലക്ക്

മാഹി: മാഹി മേഖല സ്‌കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് ദേശീയ- അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രമുഖ ചിത്രകാരനും അധ്യാപകനുമായ കെ.കെ.സനില്‍ നിര്‍മിച്ച പ്രതിഷ്ഠാപന കലയ്ക്ക് വിലക്ക്. പളളൂര്‍ വി.എന്‍.പി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര മേള നടക്കുന്ന അങ്കണത്തിലാണ് മാരക ലഹരിക്കടിമപ്പെട്ട യുവാവ് ഇരുചക്ര വാഹനത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിച്ചത്. കാണികളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുകയും, അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ദൃശ്യാവിഷ്‌ക്കാരം ഉടന്‍ എടുത്തു മാറ്റണമെന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെടുകയായിരുന്നു. ദിവസങ്ങളോളം പാടുപെട്ടുണ്ടാക്കിയ പ്രതിഷ്ഠാപനം എടുത്ത് മാറ്റാന്‍ മാഹി വിദ്യാഭ്യാസ മേഖലയിലെ ചിത്രകലാ അധ്യാപകന്‍ സനില്‍ തയ്യാറായില്ല.

വിദ്യാര്‍ഥികളെക്കൊണ്ട് പരിപാടി ആരംഭിക്കും മുമ്പ് ഇത് എടുത്ത് മാറ്റുകയായിരുന്നു. അമിത ലഹരിയില്‍ വാഹനമോടിച്ചതിന്റെ അനന്തരഫലം മാത്രമല്ല, കൗമാരക്കാരുടെ അമിതവേഗതയും, ഹെല്‍മറ്റില്ലാത്ത യാത്രയുടെ ദുരന്തവുമെല്ലാം ഇതില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരുന്നു. കാണികളുടെ മനസ്സിനെ പിടിച്ചുകുലുക്കുന്ന ഇത്തരമൊരു ശില്‍പ്പം മേളക്ക് അശുഭലക്ഷണമാണെന്നാണ് വൈസ് പ്രിന്‍സിപ്പാളിന്റെ വാദം. അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശാസ്ത്രബോധം വളര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്നത് തന്നെ.

കൗമാര – യൗവ്വനങ്ങളില്‍ ജീവിതം ലഹരിയില്‍ എരിഞ്ഞടങ്ങുന്നത്, മാധ്യമങ്ങളിലെ നിത്യ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും, മയ്യഴി വിദ്യാഭ്യാസ വകുപ്പ് തന്നെ കഴിഞ്ഞ ദിവസം ലഹരിക്കെതിരേ മനുഷ്യചങ്ങല തീര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സനില്‍ മാസ്റ്റര്‍ ‘ദ എന്‍ഡ്’ എന്ന ഈ ദൃശ്യാവിഷ്‌ക്കാരം തീര്‍ത്തത്. തിരിച്ചറിയാന്‍ പോലുമാവാത്തവിധം മാരക മയക്ക് മരുന്നുകളുടെ ചതിക്കുഴിയില്‍ വീണുപോയവര്‍ക്കും, മസ്തിഷ്‌കം മരവിച്ചു പോയവര്‍ക്കും, യൗവ്വനത്തിന്റെ ചോര ചിതറുന്ന നിരത്തുകളിലെ ഈ നടുക്കുന്ന ദൃശ്യം മനഃസ്സാക്ഷിയോടുള്ള വലിയ ചോദ്യചിഹ്നമായിരുന്നു. ശില്‍പ്പവും, കൊളാഷും, ചിത്രവും ഉള്‍ച്ചേര്‍ന്ന കലാസൃഷ്ടിയാണ് ശാസ്ത്രമേളയുടെ അങ്കണത്തില്‍ നിന്നും എടുത്ത് മാറ്റിയത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *