ന്യൂഡല്‍ഹി: കേരളത്തില്‍ ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് എ.ഐ.സി.സി. കെ.പി.സി.സി പ്രശ്‌നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റേത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എ.ഐ.സി.സിയില്‍ ചുമതലകള്‍ നല്‍കിയിരുന്നില്ല. അദ്ദേഹം കേരളത്തില്‍ മലബാറിലെ ജില്ലകളില്‍ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിക്ക് കാരണമായിരുന്നു. കോഴിക്കോട് നടന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കണ്ണൂരിലെ പരിപാടിയില്‍ നിന്ന് ഡി.സി.സിയും വിട്ടുനിന്ന സംഭവം വന്‍ വിവാദമായത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പില്‍ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ രാഘവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു. തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാകട്ടെ വിവാദത്തില്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ല. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ വിഷയം വലിയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്.