കോഴിക്കോട്: ആദര്‍ശനിഷ്ഠയും ആശയസ്ഥൈര്യവുമുള്ള നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കറകളഞ്ഞ രാജ്യസ്‌നേഹി, സാമൂഹിക പരിഷ്‌കര്‍ത്താവ്, നിര്‍ഭയനായ പത്രാധിപര്‍, ഉജ്ജ്വല വാഗ്മി, ആരുടെ മുമ്പിലും മുട്ടുമടക്കാത്ത കര്‍മധീരന്‍ ഇതെല്ലാമായിരുന്നു അദ്ദേഹം. നട്ടുച്ചക്ക് അസ്തമിച്ച സൂര്യനായിരുന്നു അദ്ദേഹം. ഏതാണ്ട് 20 വര്‍ഷക്കാലമാണ് അദ്ദേഹം ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നിറഞ്ഞ് നിന്നത്. അതില്‍ ഒമ്പത് വര്‍ഷക്കാലവും ജയിലിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പുതിയ തലമുറക്ക് ഒരുപാഠപുസ്തകമാണ് അദ്ദേഹം. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ സ്മാരക സമിതി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹം അറസ്റ്റ് വരിച്ച് ജയിലിലടക്കപ്പെട്ടു. 1924ല്‍ ആരംഭിച്ച അല്‍ അമീന്‍ പത്രത്തിലൂടെ ദേശാഭിമാനം പ്പിച്ചു. പത്രത്തെ വ്യവസായമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. കഠിനമായ വിഷമങ്ങള്‍ താണ്ടിയാണ് അദ്ദേഹം അല്‍അമീനെ സ്വാതന്ത്ര്യത്തിന്റെ ജിഹ്വയാക്കി വളര്‍ത്തിയത്.
മുസ്ലിം യാഥാസ്ഥിതികര്‍ എതിര്‍ത്തപ്പോഴും കുലുങ്ങിയില്ല. കെ. ദാമോദരന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രിന്റ് ചെയ്ത് നല്‍കിയത് അല്‍ അമീന്‍ പ്രസിലായിരുന്നു. മൂന്ന് തവണ കെ.പി.സി.സി പ്രസിഡന്റായിരുന്നിട്ടുണ്ട്. രണ്ട് തവണ സെക്രട്ടറിയായിരുന്നത് ഇ.എം.എസ് ആയിരുന്നു. ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിനായി നിലക്കൊണ്ടു. ദ്വിരാഷ്ട്രവാദത്തെ നഖശിഖാന്തം എതിര്‍ത്തു. മഹാന്മാരായ കവികളെല്ലാം അദ്ദേഹത്തെ വാഴ്ത്തിപാടിയിട്ടുണ്ട്. ഹിന്ദുവര്‍ഗീയ വാദികള്‍ രാജ്യത്തിന്റെ സംസ്‌കൃതി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിജിയെ വധിക്കാന്‍ കൂട്ടുനിന്ന സവര്‍ക്കറുടെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിച്ചവരാണ് കേന്ദ്രം ഭരിക്കുന്നവര്‍. ഹിന്ദുരാഷ്ട്രമാക്കണമെന്നാണ് അവര്‍ പറയുന്നത്. സുബ്രമണ്യന്‍ സ്വാമി ഭരണഘടനയില്‍നിന്ന് മതേതരത്വവും ജനാധിപത്യവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയപ്പോള്‍ ഇവിടെ ചിലര്‍ ഉറങ്ങുകയും ഉറക്കം നടിക്കുകയുമായിരുന്നു. കേസില്‍ എതിര്‍ ഹരജി നല്‍കിയ ബിനോയ് വിശ്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ അനുസ്മരണ സമിതി പ്രസിഡന്റ് എന്‍.പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസ് സ്വാഗതവും സെക്രട്ടറി എം.പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.