കോഴിക്കോട്:മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതിയായ ജി.ഐ.എസ് മാപ്പിംഗിന് തുടക്കമായി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ പഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ മനുഷ്യ-പ്രകൃതി വിഭവ വിവരങ്ങളും ശേഖരിച്ചു ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാകും വിധം വെബ്‌പോർട്ടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.
റോഡ്, നടപ്പാത, ലാന്റ് മാർക്ക്, പാലം, ഡ്രെയിനേജ്, കനാൽ, കൾവെർട്ട്, റോഡ് ജംഗ്ഷൻ, ഡിവൈഡർ, റോഡ് സിഗ്‌നൽ, പാർക്കിംഗ് ഏരിയ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവയുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു വെബ് പോർട്ടലിൽ ഒരുക്കുകയാണ് ചെയ്യുന്നത്. തരിശ് നിലങ്ങൾ, വയലുകൾ, തണ്ണീർതടങ്ങൾ എന്നിവയുടെ പൂർണ്ണ വിവരങ്ങളും ഇതിലുണ്ടാകും.
ദുരന്തലഘൂകരണം, പകർച്ച വ്യാധി തടയൽ, നഗരാസൂത്രണം, വികസന പദ്ധതികളുടെ വിഭാവന നിർവഹണം, മാലിന്യ നിർമാർജ്ജനം, ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കൽ, വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ ഇടം പിടിക്കാൻ ആവശ്യമായ പ്രപ്പോസൽ തയ്യാറാക്കൽ, പരിസ്ഥിതി സൗഹൃദ വികസനം ആവിഷ്‌കരിക്കൽ എന്നിവ ഈ പദ്ധതിയുടെ ഉപയോഗങ്ങളിൽ ചിലത് മാത്രമാണെന്ന് മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് പറയുന്നു. ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവര ശേഖരണം തുടങ്ങിക്കഴിഞ്ഞു.