മംഗളൂരു: മംഗളൂരു ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പോലിസും-എന്‍.ഐ.എയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമുള്ള 18 ഇടങ്ങളിലാണ് ഇരു ടീമുകളും ചേര്‍ന്ന് റെയ്ഡ് നടത്തുന്നത്. കേസില്‍ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും മംഗളൂരുവിലെത്തി. ഷാരിഖിന് കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പോലിസിന്റെ കണ്ടെത്തല്‍. പ്രധാനസൂത്രധാരന്‍ അബ്ദുല്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പോലിസ് കണ്ടെത്തി. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ആധാര്‍ കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്റെ പ്രവര്‍ത്തനം. പ്രേംരാജ് എന്ന പേരിലാണ് മംഗളൂരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലിലുണ്ടായിരുന്നത്. ഇഷ ഫൗണ്ടേഷന്റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം.
കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗളൂരുവിലെ നാഗൂരി ബസ്‌സ്റ്റാന്‍ഡില്‍ സമാനമായ സ്‌ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്റെ വിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചു. മംഗളൂരു സ്‌ഫോടനത്തിന് രണ്ട് ദിവസം മുന്‍പ് ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങിയെന്നാണ് കര്‍ണാടക പോലിസിന്റെ കണ്ടെത്തല്‍. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മിച്ചത്. വലിയ സ്‌ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസ്സില്‍ മംഗളൂരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്‌ഫോടനം.