കോഴിക്കോട്: 25 മുതല്‍ കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് ഓള്‍ കേരള വെജിറ്റബില്‍ ആന്റ് ഫ്രൂട്ട്‌സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന 18% ഐ.ജി.എസ്.ടിയിലും എയര്‍കാര്‍ഗോ ചാര്‍ജ് വര്‍ധനവിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. കൊവിഡിന് മുമ്പ് ഒരു കിലോഗ്രാമിന് കാര്‍ഗോ ചാര്‍ജ് 35 രൂപ മുതല്‍ 50 രൂപവരെയായിരുന്നു. കൊവിഡ് കാലം പാസഞ്ചര്‍ ഇല്ലായെന്ന കാരണത്താല്‍ അത് 100 രൂപയിലും അതിലും കൂടുതലുമായും വര്‍ധിപ്പിച്ചു. കൊവിഡ് കാലം കഴിഞ്ഞിട്ടും യാത്രക്കാര്‍ സുലഭമായി യാത്ര ചെയ്തിട്ടും ഇന്നും അതേ ചാര്‍ജ് നില തുടരുകയാണ് വിമാനകമ്പനികള്‍. അതിന്റെ കൂടെ സര്‍ക്കാരിന്റെ 18% ഐ.ജി.എസ്.ടി വന്നപ്പോള്‍ ഈ ട്രേഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇനി ഒരു വിലവര്‍ധനവ് കൂടി ചുമത്തിയാല്‍ ഇപ്പോള്‍ കയറ്റി അയക്കുന്ന സാധനങ്ങളുടെ 10% പോലും ഓര്‍ഡര്‍ തരാന്‍ പറ്റില്ലായെന്നാണ് മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമുള്ള കച്ചവടക്കാര്‍ പറയുന്നത്. അയല്‍ രാജ്യമായ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്താന്‍ പോലുള്ള രാജ്യങ്ങളിലേക്കാവും ഈ ഓര്‍ഡര്‍ പോവുക. ഇത് കേരളത്തിന്റെ കയറ്റുമതി രംഗത്ത് വന്‍ നഷ്ടം തന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഏകദേശം കേരളത്തില്‍ നിന്ന് ദിനംപ്രതി നാല് എയര്‍പോര്‍ട്ടുകളില്‍ നിന്നായി 250 ടണ്‍ പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നുണ്ട്. അതിന്
പുറമെ കൊച്ചിയില്‍ നിന്ന് കപ്പല്‍ വഴി വേറെയും. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ വലിയൊരു നഷ്ടം തന്നെയാണ് ഇതുക്കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. കൂടാതെ ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിലും ഇത് പ്രതിഫലിക്കും. കേന്ദ്ര സര്‍ക്കാരും വിമാനകമ്പനികളും ചേര്‍ന്ന് കാര്‍ഗോ ചാര്‍ജ് കുറച്ചും ഐ.ജി.എസ്.ടി ഒഴിവാക്കിയും ആയിരക്കണക്കിന് തൊഴിലാളികളേയും കര്‍ഷകരേയും സാരമായി ബാധിക്കുന്ന ഈ മേഖലയെ സംരക്ഷിക്കണമെന്നവര്‍ പറഞ്ഞു. പല സെക്ടറുകളിലായി ഒരു ദിവസം അഞ്ച് ടണ്‍ അയക്കുന്ന ഒരു എക്‌സ്‌പോര്‍ട്ടര്‍ക്ക് മാസത്തില്‍ 25 ലക്ഷം രൂപ ഐ.ജി.എസ്.ടി അടയ്‌ക്കേണ്ടി വരുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.ഇ അഷ്‌റഫ് അലി, ജന. സെക്രട്ടറി അബ്ദുറഹിമാന്‍.എം, വൈസ് പ്രസിഡന്റുമാരായ സുരഭി ബാബു, അഫ്‌സല്‍ ടി.വി, ജോയന്റ് സെക്രട്ടറി ഫവാസ് എന്നിവര്‍ സംബന്ധിച്ചു.