നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം 25 മുതല്‍ കോഴിക്കോട്ട്

നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം 25 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് (കെ.എസ്.ഒ.എസ്) 49ാമത് സംസ്ഥാന സമ്മേളനം ‘ദൃഷ്ടി 2022’ 25, 26, 27 തീയതികളില്‍ നടക്കുമെന്ന് കോഴിക്കോട് ഓഫ്താല്‍മിക് സൊസൈറ്റി പ്രസിഡന്റ് ഡോ.പത്മജ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 25ന് വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങ് ഓള്‍ ഇന്ത്യ ഓഫ്താല്‍മോള്‍ജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ലളിത് വര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. എസ്.ജെ സായ്കുമാര്‍ അധ്യക്ഷത വഹിക്കും. ഒളിമ്പ്യന്‍ പി.ടി ഉഷ എം.പി വിശിഷ്ടാതിഥിയായിരിക്കും. കെ.എസ്.ഒ.എസിന്റെ പുതിയ പ്രസിഡന്റ് ഡോ. എസ്.ജെ സായ്കുമാറിന്റെ സ്ഥാനാരോഹണവും നടക്കും. നിലവിലെ പ്രസിഡന്റ് ഡോ. അരൂപ് ചക്രബര്‍ത്തി ഇന്‍സ്റ്റലേഷന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഡോ. ഗോപാല്‍ എസ്.പിള്ള (ജന. സെക്രട്ടറി, കെ.എസ്.ഒ.എസ്) റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് വിതരണം നടക്കും. ‘ദൃഷ്ടി 2022’ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ.എസ് ചന്ദ്രകാന്ത് സ്വാഗതവും സെക്രട്ടറി വിനോദ്കുമാര്‍ എന്‍.വി നന്ദിയും പറയും.

രാജ്യത്തെ പ്രമുഖരുള്‍പ്പെടെ 1200ലേറെ നേത്രരോഗ വിദഗ്ധരായ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നേത്രരോഗ സംബന്ധിയായ വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ആന്‍ഡ്രേ മെര്‍മൗഡ് (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡോ.ഹര്‍മിന്ദര്‍ സിംഗ് ദുവ (യു.കെ), ഡോ. വിഗ്നേഷ് രാജ (ഒസ്‌ട്രേലിയ), ഡോ. കെല്‍വിന്‍ ടിയോ (സിങ്കപ്പൂര്‍), ഡോ. ഡിയോര്‍ജ് ബെയ്‌ക്കോ (കാനഡ), ഡോ. സ്റ്റീവ് അര്‍ഷിനോഫ് (കാനഡ), ഡോ. അഭി ജേക്കബ് (യു.കെ) എന്നിവര്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയായ ഡയബറ്റിക് റെറ്റിനോപ്പതിയെ ചികിത്സയിലൂടെ എങ്ങനെ തടയാം, മാറിയ ജീവിതശൈലിയില്‍ കുട്ടികളെ ബാധിക്കുന്ന നേത്ര രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും, നേത്ര രോഗ ചികിത്സാ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒഫ്താല്‍മിക് നഴ്‌സുമാര്‍ക്കും തുടര്‍വിദ്യാഭ്യാസ പരിശീലനവും സമ്മേളനത്തിന്റെ ഭാഗമായി നല്‍കും. നേത്രരോഗ ചികിത്സാ രംഗത്ത് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ ലോകോത്തര സ്റ്റാളുകള്‍ സമ്മേളന നഗരിയിലുണ്ടാകും.

26ന് ഡോക്ടര്‍മാരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും പ്രശസ്ത പിന്നണി ഗായകന്‍ അനൂപ് ശങ്കറിന്റെ സംഗീത നിശയും അരങ്ങേറും. പ്രമേഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നേത്രരോഗങ്ങളുടെ ബോധവല്‍ക്കരണാര്‍ഥം 27ന് രാവിലെ 6.30ന് സരോവരം ബയോപാര്‍ക്കില്‍ ഡോക്ടര്‍മാരുടെ നടത്തം സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ഓഫ്താല്‍മിക് സൊസൈറ്റി സെക്രട്ടറി ഡോ. ബിന്ദു അജിത്ത്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.എസ് ചന്ദ്രകാന്ത്, സെക്രട്ടറി ഡോ. വിനോദ്കുമാര്‍ എന്‍.വി, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ് പുത്തലത്ത് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *