തലസ്ഥാനത്ത് ഹയാത്ത് റീജന്‍സി; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തലസ്ഥാനത്ത് ഹയാത്ത് റീജന്‍സി; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • നഗരത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നടക്കം നിരവധി പ്രത്യേകതകള്‍
  • കേരളത്തില്‍ ഹയാത്തും ലുലുവും ചേര്‍ന്നാരംഭിയ്ക്കുന്ന മൂന്നാമത്തെ ഹോട്ടല്‍

 

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. അത്യാധുനിക രൂപകല്‍പനയില്‍ നിര്‍മിതമായ ഹയാത്ത് റീജന്‍സി ലുലു ഗ്രൂപ്പും, രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും, തൃശ്ശൂരുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.

തലസ്ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ലോകോത്തര നിലവാരത്തില്‍ പ്രകൃതിയോടിണങ്ങിയ നിര്‍മാണവും, സമകാലിക ശൈലിയിലുള്ള രൂപകല്‍പനയും, ക്ലാസിക് സൗകര്യങ്ങളും വേറിട്ട ഇന്റീരിയര്‍ ഡിസൈനുമടക്കം ഹോട്ടലിനെ വ്യത്യസ്തമാക്കുന്ന പുതുമയേറിയ ഘടകങ്ങള്‍ നിരവധിയാണ്. ബേസ്‌മെന്റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഹോട്ടല്‍.

നഗരത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്വിമ്മിംഗ് പൂളിന് സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്. ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായുള്ള ഉയരം കൂടിയ എസ്‌കലേറ്ററും, ഗ്ലാസ് എലവേറ്ററും മറ്റൊരു കണ്‍വെന്‍ഷന്‍ സെന്ററിലും കാണാന്‍ കഴിയാത്ത പ്രത്യേകതയാണ്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്ന് വേദികളിലായി 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡൈനാമിക് ഇവന്റ് സ്പേസാണ് ഹോട്ടലിനുള്ളത്. ഒരേസമയം ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ക്രമീകരണങ്ങളില്‍ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകള്‍ സംഘടിപ്പിയ്ക്കാവുന്ന തരത്തിലാണ് ഹോട്ടലിന്റെ രൂപകല്‍പന.

അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1650 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്. നഗരത്തിന്റെ വിശാലമായ കാഴ്ചയൊരുക്കുന്ന രീതിയിലാണ് സ്യൂട്ടിന്റെ ഡിസൈന്‍. ഇതിന് പുറമെ ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റീജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിലുണ്ട്.

വൈവിധ്യം നിറഞ്ഞ ഡൈനിംഗ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിംഗ്‌സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്റുകളാണ് ഹോട്ടലിന്റെ അടുത്ത സവിശേഷത. ഹോട്ടലിലെ താമസക്കാര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്ക് ആര്‍ക്കും റസ്റ്റോറന്റുകള്‍ സന്ദര്‍ശിക്കാനും ഡൈനിംഗ് ആസ്വദിക്കാനും അവസരമുണ്ടാകുമെന്നത് ഹയാത്ത് റീജന്‍സിയെ ശ്രദ്ധേയമാക്കുന്നു. ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ക്കൊപ്പം നഗരത്തിന്റെ പ്രിയപ്പെട്ട പ്രാദേശിക വിഭവങ്ങളാണ് മലബാര്‍ കഫേ നല്‍കുന്നത്. തനത് ഏഷ്യന്‍ ഡൈനിംഗ് അനുഭവം തേടി വരുന്നവര്‍ക്കായി ഷെഷ്വാന്‍ (ചൈനീസ്) – തായ് വിഭവങ്ങളുടെ നിരവധി രുചിക്കാഴ്ചകള്‍ ഒറിയന്റല്‍ കിച്ചണ്‍ ഒരുക്കുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഇരിപ്പിടങ്ങളാണ് ഐവറി ക്ലബ്ബിന്റെ പ്രത്യേകത.

ഔട്ട്‌ഡോര്‍ സ്വിമ്മിംഗ് പൂളും, 24 മണിക്കൂര്‍ പ്രവര്‍ത്തിയ്ക്കുന്ന ജിമ്മും, ആയുര്‍വേദ – പാശ്ചാത്യ തെറാപ്പി സൗകര്യങ്ങളടക്കമുള്ള സാന്തത സ്പായും ഹയാത്ത് റീജന്‍സിയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഉള്‍പ്പെടെ വിപുലമായ പാര്‍ക്കിങ് സൗകര്യവും ഹോട്ടലിനുണ്ട്. 400 കാറുകള്‍ക്കും, 250 ഇരുചക്രവാഹനങ്ങള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 6 കിലോമീറ്റര്‍ മാത്രവും, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രവും ദൂരത്തിലാണ് ഹയാത്ത് റീജന്‍സി.

വാര്‍ത്താസമ്മേളനത്തില്‍ എം.എ അഷ്‌റഫ് അലി (എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, ലുലു ഗ്രൂപ്പ്), നിഷാദ് എം.എ (സി.ഇ.ഒ, ലുലു ഗ്രൂപ്പ് ഇന്ത്യ), അദീബ് അഹമ്മദ്, (എംഡി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ) ജോയ് ഷഡാനന്ദന്‍ (റീജിയണല്‍ ഡയറക്ടര്‍, ലുലു ഗ്രൂപ്പ്), വി നന്ദകുമാര്‍ (ഡയക്ടര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ലുലു ഗ്ലോബല്‍), ധ്രുവ റാഥോഡ് (വൈസ് പ്രസിഡന്റ് ഓഫ് ഡെവലപ്‌മെന്റ്, ഹയാത്ത് ഇന്ത്യ) രാഹുല്‍ രാജ് (ജനറല്‍ മാനേജര്‍, ഹയാത്ത് റീജന്‍സി).

 

Share

Leave a Reply

Your email address will not be published. Required fields are marked *