ചാലക്കര പുരുഷു
മാഹി: കഥകളുടെ പെരുന്തച്ഛനായ ടി.പത്മനാഭന്റെ കഥകളെ അവലംബിച്ച് കേരളത്തിലെ 22 പ്രമുഖ ചിത്രകാരന്മാര് വരച്ച രചനകളിലൊന്നായ ‘ലില്ലി’ , വരച്ചയാളിനേയും കഥയെഴുതിയ ആളിനേയും അടുത്തറിയുന്നവര്‍ക്ക് മനസ്സില്‍ നനുത്ത നൊമ്പരമായി. ആത്മാംശമുള്ള ഇതിവൃത്തങ്ങളാണ് പപ്പേട്ടന്റെ കഥകളിലേറെയും. ‘ലില്ലി’ എന്ന കഥയെ ആധാരമാക്കി വിഖ്യാത ചിത്രകാരനും ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍.ജോസഫ് ഈ ചിത്രം വരയുമ്പോള്‍ അടുത്തിടെ തന്നെ വിട്ടുപോയ സഹധര്‍മ്മിണി ലില്ലിയെ ഓര്‍ക്കാതിരിക്കില്ല.
വീട്ടിനടുത്ത് പുതിയ താമസക്കാരിയായെത്തിയ പെണ്‍കുട്ടി , ഒരു നാള് കൗമാരക്കാരനോട് തന്റെ വീട്ടു പറമ്പിലെ ലില്ലിപ്പൂവിന് ചോദിച്ചപ്പോള്‍ പറിച്ച് തരില്ലെന്നും വേണമെങ്കില്‍ പറിച്ചെടുത്തോളൂ എന്ന് പറയുന്ന വേളയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് വളര്‍ന്നപ്പോള്‍ പ്രണയമായി പരിണമിക്കുകയായിരുന്നു. ഒരു നാള് സ്ഥലം വിട്ടുപോയ പെണ്‍കുട്ടിയുടെ കുടുംബം ദീര്‍ഘനാളുകള്‍ക്ക് ശേഷം തിരിച്ചു വന്നു. വരാന്തയിലിരിക്കുന്ന യുവതിക്ക് തളര്വാതമാണെന്ന് തിരിച്ചറിയുന്ന യുവാവ് ഏറെ ദുഃഖിതനായി. മനുഷ്യന്റെ എല്ലാ ദൗര്‍ബല്യത്തോടും കൂടിയാണ് തുടര്‍ന്ന് കഥ മുന്നോട്ട് പോകുന്നത്. പത്മനാഭന്റെ കഥാസമാഹാരം വീട്ടില്‍ സൂക്ഷിക്കുന്ന എബി.എന്‍.ജോസഫിനോട് തടിച്ച ഈ പുസ്തകം വായിക്കുമ്പോഴൊക്കെ ബൈബിള്‍ വായിക്കുകയാണോയെന്ന് ഭാര്യ ലില്ലി പലപ്പോഴും ചോദിക്കാറുണ്ടത്രെ. വൈകാരിക ഭാവങ്ങളും രചനയിലെ ശാലീനതയും വര്‍ണ്ണ പ്രയോഗത്തിലെ ചാരുതയും കൊണ്ട് പ്രദര്‍ശന ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട് നില്ക്കുന്ന ഈ ചിത്രം ആസ്വാദകരെ ഒരു നിമിഷം പിടിച്ചു നിര്‍ത്തും. ചിത്ര പ്രദര്‍ശനം ഡിസംബര്‍ അഞ്ചിന് സമാപിക്കും.