കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെ ഇവിടെയുണ്ടായിട്ടുള്ളൂവെന്നും പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപെടുന്നത് സങ്കടകരമാണെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയധിഷ്ഠിതമായി തെരുവിലിറങ്ങി നിസാരമായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടേണ്ട സമയമല്ലിത്. മറിച്ച് രാജ്യം ഫാഷിസത്തിന്റെ പിടിയിലേക്ക് പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവാണ് നേതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇത് നേതൃത്വത്തിന് തിരിച്ചറിയപ്പെടാതെ പോകുകയാണ്.
രാവിലെ ഒന്ന് ഉച്ചക്ക് ഒന്ന് എന്ന രീതിയില്‍ നിലപാടെടുക്കുകയാണ് നേതൃത്വത്തിലെ പലരും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിനു നേരെ മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുവാന്‍ തെരുവിലിറങ്ങുകയാണ് വേണ്ടതെന്നും ഇത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.