കേരള മൈത്രി സമ്മേളനം 27ന്

കേരള മൈത്രി സമ്മേളനം 27ന്

കോഴിക്കോട്: ഐ.എസ്.എം കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള മൈത്രി സമ്മേളനം 27ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമുദായിക സൗഹാര്‍ദത്തിലും സാമൂഹിക ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരം എന്ന നിലയിലാണ് ഐ.എസ്.എം സംസ്ഥാന സമിതി കേരള മൈത്രി സമ്മേളനം സെഘടിപ്പിക്കുന്നത് ‘കാത്തുവയ്ക്കാം സൗഹൃദ കേരളം’ എന്ന മുദ്രാവാക്യത്തില്‍ ഫെബ്രുവരിയില്‍ കോഴിക്കോട് ആരംഭിച്ച ക്യാമ്പയിന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദേശ പ്രചാരണം നടത്തി മൈത്രി സമ്മേളനത്തോടെ മറൈന്‍ഡ്രൈവില്‍ സമാപിക്കുകയാണ്. പ്രചാരണം, സൗഹൃദവിരുന്ന്, മൈത്രിയുടെ മിനാരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നവംബര്‍ 12ന് കാസര്‍ക്കോട് നിന്നാരംഭിച്ച കേരള മൈത്രിയാത്ര എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് 25ന് എറണാകുളത്ത് സമാപിക്കും.

കേരളത്തിലെ സാമുദായിക മൈത്രിയുടെ ചരിത്രം, വിവിധ മതദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍, സമകാലിക കേരളം നേരിടുന്ന വെല്ലുവിളികള്‍ക്കായുള്ള പരിഹാര നിര്‍ദേശങ്ങള്‍, കേരള സൗഹാര്‍ദം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യോജിച്ച പ്രഖ്യാപനങ്ങള്‍, മൈത്രി പ്രതിജ്ഞ തുടങ്ങിയവ 27ന് രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെ നടക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചയാകും. വിവിധ സെഷനുകളിലായി വ്യത്യസ്ത മത-സാമുദായിക-രാഷ്ട്രീയ മേഖലകളിലെ നേതാക്കള്‍ പങ്കെടുക്കു. നിയമമന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എളമരം കരീം എം.പി, ഹൈബി ഈഡന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ടി.ജെ വിനോദ് എം.എല്‍.എ, ഉമ തോമസ് എം.എല്‍.എ, ടി. സിദ്ദീഖ് എം.എല്‍.എ, ഡോ. രാജാ ഹരിപ്രസാദ്, സ്വാമി ഗുരുരത്‌നം, ഡോ. അനില്‍ മുഹമ്മദ്, കെ.പി നൗഷാദലി, ജെ.എസ് അടൂര്‍, ഡോ.ഇ.കെ അഹമ്മദ് കുട്ടി, സി.പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം. അഹമ്മദ് കുട്ടി മദനി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് വി.പി എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *