ഗ്രൂപ്പ് ഡിയില്‍ ആസ്‌ട്രേലിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഫ്രാന്‍സ്. ഒളിവര്‍ ജിറൂഡിന് ഇരട്ടഗോള്‍
ദോഹ: ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ച് ശക്തമായി തിരിച്ചുവരവ് നടത്തുക. ചാംപ്യന്‍ ടീമിനൊത്ത പ്രകടനം തന്നെ. കഴിഞ്ഞ വേള്‍ഡ് കപ്പില്‍ എവിടെനിന്ന് നിര്‍ത്തിയോ അവിടെ നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് ഫ്രാന്‍സ്. നിലവിലെ ചാംപ്യന്‍മാരുടെ വരവ് രാജകീയമായി തന്നെ. പരുക്കേറ്റ് പുറത്തായ സൂപ്പര്‍ താരം കരീം ബെന്‍സിമയില്ലാതെയിറങ്ങിയ ഫ്രാന്‍സിനെ ഞ്ഞെട്ടിച്ചുക്കൊണ്ടാണ് ആസ്‌ട്രേലിയ തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ഗുഡ്‌വിന്റെ ഗോളിലൂടെ ആസ്‌ട്രേലിയ ലീഡെടുത്തു. ആദ്യമൊന്ന് തരുത്തെങ്കിലും കളിയില്‍ താളം കണ്ടെത്തിയ ഫ്രാന്‍സ് ഒന്നിനു പിറകേ ഒന്നായി ആസ്‌ട്രേലിയന്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്‌തെടുത്ത നീക്കങ്ങള്‍ ആസ്‌ട്രേലിയന്‍ ബോക്‌സിലെത്തിയെങ്കിലും 20 മിനിറ്റോളം ഓസീസ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു 27-ാം മിനിട്ടില്‍ റാബിയോട്ടിന്റെ ഹെഡര്‍ ഗോളിലൂടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
തൊട്ടുപിറകെ ഒളിവര്‍ ജിറൂഡിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. സംഭവബഹുലമായ ആദ്യപകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്കെത്തിയപ്പോഴും ഫ്രാന്‍സ് തങ്ങളുടെ ആക്രമണത്തിന്റെ മൂര്‍ച്ഛ കുറച്ചില്ല. 68-ാം മിനിട്ടില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും ആസ്‌ട്രേലിയന്‍ ഗോള്‍വല ചലിപ്പിച്ചു. സ്‌കോര്‍ 3-1. തൊട്ടുപിന്നാലെ എംബാപ്പെയുടെ അസിസ്റ്റില്‍ ജിറൂഡിന്റെ രണ്ടാം ഗോള്‍ പിറന്നു. ഓസീസ് പ്രതിരോധത്തെ ഓടിത്തോല്‍പ്പിച്ച എംബാപ്പെ നല്‍കിയ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് ജിറൂര്‍ഡ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന തിയറി ഹെന്റിയുടെ (51 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്താനും ജിറൂഡിനായി. മത്സരത്തില്‍ ഒരു ഗോള്‍ നേടാനായത് മാത്രമാണ് ആസ്‌ട്രേലിയയുടെ ഏക ആശ്വാസം.