അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ  കായികം പഠനവിഷയമാക്കും മന്ത്രി വി.അബ്ദുറഹിമാൻ

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ കായികം പഠനവിഷയമാക്കും മന്ത്രി വി.അബ്ദുറഹിമാൻ

കോഴിക്കോട്:സംസ്ഥാനത്തെ സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ കായികം പഠനവിഷയമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സ്പോർട്സിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് കുട്ടികൾക്ക് നേടിക്കൊടുക്കുക എന്നതാണ് കായികം പഠനവിഷയമാക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കേരള സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ അടുത്ത വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനത്തിനും ശാരീരിക വളർച്ചയ്ക്കും വേണ്ടി ആവിഷ്‌കരിക്കുന്ന സവിശേഷ പ്രവർത്തനമാണ് പുലർകാലം പദ്ധതി. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടു കൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്‌സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും. ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ മാസംതോറും പ്രഭാത ക്യാമ്പുകളും രണ്ടു മാസത്തിലൊരിക്കൽ ബ്ലോക്ക് തലത്തിൽ രണ്ടു ദിവസങ്ങളിലായി പ്രഭാത ക്യാമ്പുകളും നടത്തും.

ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ.എം വിമല, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഹെഡ്മിസ്ട്രസ്സ് ഷീജ ബി.എസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ സ്വാഗതവും പ്രിസിപ്പൽ മനോജ് കുമാർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *