കോഴിക്കോട്:സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് സർക്കാർ മുഖ്യപരിഗണനയാണ് നൽകുന്നതെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ആരംഭിച്ച ഇൻഫെർട്ടിലിറ്റി ക്ലിനിക്, പവർ ലോൺട്രി, എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹ്യ വികസനത്തിന്റെ നിർണ്ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും ആരോഗ്യ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് പല നൂതന പദ്ധതികളും കോട്ടപ്പറമ്പിലെ ആശുപത്രിയിൽ നടപ്പാക്കി വരികയാണ്. ആശുപത്രിയുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണെും് സാധാരണക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നതെന്നും ഇതിൽ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും അദ്ദേഹം അിപ്രായപ്പെട്ടു.
എംഎൽഎ ഫണ്ട്, ആർ.എസ്.ബി.വൈ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
ചടങ്ങിൽ വാർഡ് കൗൺസിലറും എച്ച്.എം.സി മെമ്പറുമായ അബൂബക്കർ എസ്.കെ അധ്യക്ഷത വഹിച്ചു. ഡിഡിസി എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയായി. എച്ച്.എം.സി അംഗങ്ങളായ കുഞ്ഞഹമ്മദ്, കെ.എം അബ്ദുൾ മനാഫ്, ഹസീന ഷംസുദ്ദീൻ, സി.കെ നരേന്ദ്ര ബാബു, ബി.കെ പ്രേമൻ, അഡ്വ പി.എം ഹനീഫ്, ടി. ലതകുമാർ, ടി. മനോജ്കുമാർ, മുഹമ്മദ് റാസിഖ്, എ.എ സവാദ്, ഫിറോസ് പി.പി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് സുജാത എം സ്വാഗതവും ഡെപ്യുട്ടി സൂപ്രണ്ട് പ്രമോദ് കുമാർ പി.പി നന്ദിയും പറഞ്ഞു.