ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ; ഞെട്ടി നീലപ്പട

ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ; ഞെട്ടി നീലപ്പട

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആദ്യ അട്ടമറി നടത്തി സൗദി അറേബ്യ. ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ രണ്ട് ഗോളിനാണ് സൗി തോല്‍പ്പിച്ചത്. സൗദിക്കായി അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനക്കായി മെസ്സിയാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെസ്സിയുടെ പടയുടെ ആക്രമണമാണ് ലോകം കണ്ടത്. ലിയോണല്‍ മെസ്സിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.


ആദ്യ പകുതിയില്‍ 10ാം മിനുറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് അര്‍ജന്റീനയുടെ പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ വാര്‍ പരിശോധനയിലേക്ക് നീണ്ടു റഫറിയുടെ നടപടി. വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ അര്‍ജന്റീന മുന്‍പിലെത്തി. സൗദി ഗോളി അല്‍ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി നിസ്സാരമായി പന്ത് വലയിലിട്ടു. അര്‍ജന്റീനയെ മെസ്സി മുന്‍പിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ലോകം കണ്ടത് സൗദി അറേബ്യയുടെ തിരിച്ചുവരവായിരുന്നു. തങ്ങള്‍ ഖത്തറില്‍ വിനോദയാത്രയ്ക്ക് വന്നതല്ല എന്ന ഹെര്‍വ് റെനാര്‍ഡിന്റെ വാക്കുകളെ അക്ഷരംപ്രതി നടപ്പാക്കി സൗദി കളിക്കാര്‍.

ആദ്യ പകുതിയില്‍ അര്‍ജന്റീന വാണപ്പോള്‍ രണ്ടാം പകുതി അത് സൗദിയുടെതായിരുന്നു. മത്സരം തുടങ്ങി 48ാം മിനുറ്റില്‍ തന്നെ സലെഹ് അല്‍ഷെഹ്‌രി ഗോള്‍ നേടി. സ്‌കോര്‍ തുല്യമാക്കി. ആ ഞെട്ടല്‍ മാറും മുന്‍പേ 53ാം മിനുറ്റില്‍ സലേം അല്‍ദവ്‌സരി സൗദിയെ മുന്‍പിലെത്തിച്ചു. പിന്നീട് നിരവധി തവണ അര്‍ജന്റീന ശ്രമിച്ചെങ്കില്‍ സൗദിയുടെ പ്രതിരോധം പൊളിക്കാന്‍ അര്‍ജന്റീനക്കായില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *