കോഴിക്കോട്:സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയുടെയും ലഹരി ഉപയോഗത്തിനെതിരെ നഗരസഭ നടപ്പാക്കുന്ന പരിച പദ്ധതിയുടെയും ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
ലഹരിക്കെതിരെ ബഹുജന റാലി, ബൈക്ക് റാലി, വാർഡുതലത്തിലുള്ള പരിപാടികൾ, തുടങ്ങി പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിവിധങ്ങളായ പരിപാടികളാണ് നഗരസഭ നടപ്പാക്കിയത്.
ഗോൾ ചലഞ്ചിന്റെ ഭാഗമായി മേപ്പയിൽ വോളി അക്കാദമിയിൽ നഗരസഭ ചെയർപേഴ്‌സൺ കെ.പി ബിന്ദു ഗോളടിച്ചുകൊണ്ട് രണ്ടാംഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.കെ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അക്കാദമി ഭാരവാഹികൾ, നഗരസഭ ഉദ്യോഗസ്ഥന്മാർ കുട്ടികൾ എന്നിവർ ഗോൾ ചലഞ്ചിൽ പങ്കാളികളായി.